ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ വിമര്‍ശിച്ച് ശിവസേനയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ട്രൂഡോയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗുരുനാനാക്കിന്റെ 551-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവില്‍ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്. 'കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നായരുന്നു ജസ്റ്റിന് ട്രൂഡോയുടെ വാക്കുകള്‍.