റിയാദ്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയാനിരിക്കെ ഗൾഫിൽ അവസാനവട്ട ഇടപെടലിനായി ട്രംപിൻെറ ഉപദേശകനും മകൾ ഇവാൻകയുടെ ഭർത്താവുമായ ജറാഡ് കുഷ്നർ സൗദി അറേബ്യയിലെത്തി. ഖത്തറടക്കമുള്ള ഭരണനേതൃത്വങ്ങളുമായി കുഷ്നറും സംഘവും സംഭാഷണം നടത്തും. ഭീകരതയെ ഖത്തർ പിന്തുണക്കുന്നു എന്നാരോപിച്ച് 2017 ൽ സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം നീങ്ങാനുള്ള സാദ്ധ്യത തെളിയുന്നതായി സൂചനയുണ്ട്.
ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിക്കാനും തുർക്കി സൈനിക താവളത്തിൻെറ പ്രവർത്തനം അവസാനിപ്പിക്കാനും ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഖത്തർ ആവശ്യങ്ങൾ അംഗീകരിച്ചില്ല. പുതിയ സാഹചര്യത്തിൽ, മേഖലയിൽ ഇറാനെതിരായ സഖ്യം
ശക്തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. മേഖലയിൽ ഇസ്രയേലിന് പിന്തുണ ഉറപ്പുവരുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്.
ഇത് കൂടാതെ, ഗൾഫ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ അമേരിക്ക ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഗൾഫ് സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനടക്കമുള്ള ഗൾഫ് നേതാക്കളോട് കുഷ്നർ, അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് വ്യവസായിയായ കുഷ്നറിൻെറ വാണിജ്യതാൽപര്യങ്ങളും സന്ദർശനത്തിന് പിറകിലുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.