പത്തനംതിട്ട: കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പിച്ചവച്ച് തുടങ്ങിയവരിൽ പലരും ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഡിഗ്രി, പി.ജി, എൽ.എൽ.ബി, എൽ.എൽ.എം, ബി.ബി.എ, എം.ബി.എ എന്നിങ്ങനെ വിവിധ കോഴ്സുകൾ പഠിക്കുന്നവർ ജില്ലാ പഞ്ചായത്തിലടക്കം സ്ഥാനാർത്ഥികളായുണ്ട്. പഠനവും പൊതുപ്രവർത്തനവും എങ്ങനെ യോജിച്ചുപോകുമെന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നെന്ന് ഇവർ പറയുന്നു. അവരെ പറഞ്ഞു മനസിലാക്കുകയായിരുന്നു. വിദ്യാഭ്യാസം കളഞ്ഞുള്ള രാഷ്ട്രീയത്തോട് ഇവർ യോജിക്കുന്നുമില്ല. എല്ലായിടത്തുമെന്നപോലെ രാഷ്ട്രീയത്തിലും വിദ്യാഭ്യാസം വേണമെന്നാണ് ഇവരുടെ അഭിപ്രായം. രാഷ്ട്രീയമില്ലാത്ത വിദ്യാഭ്യാസത്തോട് താത്പര്യവുമില്ല. ഇപ്പോൾ ലഭിച്ച അവസരം നന്നായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
-----------------
"വിദ്യാഭ്യാസം തുടരും. വലിയൊരു അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അത് പരമാവധി നാടിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കും. ബി.ബി.എ കഴിഞ്ഞു. ഇനി പി.ജി ചെയ്യണം."
നേജു മോൻ
പന്തളം ബ്ലോക്ക് മെഴുവേലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി
'' പി.ജി പ്രൈവറ്റായാണ് ചെയ്യുന്നത്. മുപ്പത് വയസുണ്ട്. രാഷ്ട്രീയത്തോടൊപ്പം വിദ്യാഭ്യാസം വേണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോഴും പഠിക്കുന്നത്. "
വിമൽ
ഇലന്തൂർ പഞ്ചായത്ത് ഒൻപതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി
"പഠനം തുടരും. ഡിസ്റ്റന്റ് എഡ്യുക്കേഷനാണെങ്കിലും ചെയ്യാം. ഇത് ഒരു അവസരമാണ് . എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യണമെന്നുണ്ട്. ബി.എ എക്കണോമിക്സ് കഴിഞ്ഞു."
ബോബിൻസ് ജോസഫ്
ചെന്നീർക്കര പത്താം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി
"രാഷ്ട്രീയത്തോട് താൽപര്യമുണ്ട്. നല്ല വിദ്യാഭ്യാസം വേണം. അല്ലാതെ ഇനിയുള്ള കാലത്തെ രാഷ്ട്രീയത്തിൽ ആർക്കും നിലനിൽപ്പില്ല. ഇപ്പോൾ ബി.ടെക്ക് നാലാം വർഷം പരിക്ഷ കഴിഞ്ഞു. പി.ജി ചെയ്യണം."
അക്ഷയ്
തിരുവല്ല മുനിസിപ്പാലിറ്റ് 19 -ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി