തശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടങ്ങളിലേക്ക് കടന്നു. എട്ടിന് ശബ്ദ പ്രചാരണം അവസാനിക്കും. കൊവിഡ് നിയന്ത്രണം ഉണ്ടെങ്കിലും വാർഡ് തലം മുതൽ എല്ലായിടത്തും പ്രചാരണം ശക്തം. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട്.
സ്ഥാനാർത്ഥികൾ എല്ലാ ദിവസവും രാവിലെ മുതൽ തന്നെ പ്രചാരണ രംഗത്ത് സജീവം. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കവലകളിലെ പൊതുയോഗങ്ങൾ ഏറെയില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ രാഷ്ട്രീയ പാർട്ടികൾ ഹാളുകളിലും കുടുംബ സംഗമങ്ങൾക്കുമാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. മാതൃക ബാലറ്റുകളുമായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നുണ്ട്. ശക്തി തെളിയിക്കുന്ന കൊട്ടികലാശങ്ങൾ ഇക്കുറിയില്ലെന്നതും പ്രത്യേകതയാണ്.
പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ അഖിലേന്ത്യ നേതാക്കൾ വരെ എത്തി തുടങ്ങി. യു.ഡി.എഫിനായി ഇന്ന് കൺവീനർ എം.എം. ഹസൻ എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ എത്തും.
എൻ.ഡി.എയുടെ പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കുമ്മനം എന്നിവർ എത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ സുരേഷ് ഗോപിയെയും ബി.ജെ.പി രംഗത്തിറക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും എൽ.ഡി.എഫ് പ്രചാരണത്തിന് എത്തുന്നുണ്ട്.
സർക്കാർ അതിഥി മന്ദിരങ്ങൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിനും ഇവ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുന്നതിനും നിയന്ത്രണം. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും താമസ സൗകര്യത്തിനായി ഉപയോഗപ്പെടുത്താം. എന്നാൽ ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഓഫീസ് സംവിധാനങ്ങൾ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ അനൗദ്യോഗിക യോഗങ്ങൾ പോലും ഇത്തരം സ്ഥാപനങ്ങളിൽ ചേരാൻ പാടില്ല. ഇത് ലംഘിച്ചാൽ മാതൃകാ പെരുമാറ്റച്ചട്ട സംഹിതയുടെ ലംഘനമായി കണക്കാക്കും. ഒരു രാഷ്ട്രീയ കക്ഷിക്കും 48 മണിക്കൂറിൽ കൂടുതൽ ഇവിടെ മുറി അനുവദിക്കാൻ പാടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിക്കുന്ന താത്കാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലം, സ്വകാര്യ സ്ഥലം എന്നിവിടങ്ങളിൽ പാടില്ല. പഞ്ചായത്ത് തലത്തിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന 200 മീറ്റർ പരിധിയിലും നഗരസഭ തലത്തിൽ 100 മീറ്റർ പരിധിയിലും ഇത്തരം ഓഫീസുകൾ പ്രവർത്തിക്കരുത്. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ പൊതുയോഗം നടത്തരുത്.