ന്യൂഡൽഹി: ഡൽഹി ചലോ കർഷക സമരം നടത്തുന്ന സംഘടനകളുമായി കേന്ദ്രസർക്കാർ ഇന്ന് നാലാംഘട്ട ചർച്ച നടത്തും. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതരയ്ക്ക് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംഘടനകൾ.
താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകിയത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ ഡൽഹിയുടെ എല്ലാ അതിർത്തികളും വളയാനാണ് കർഷക സംഘടനകൾ ആലോചിക്കുന്നത്. ഇതിനിടെ, സമരത്തിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള കർഷക സംഘടനകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്തു തുടങ്ങിയിട്ടുണ്ട്.