ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ഉറച്ചനിലപാടുമായി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയ കർഷക സംഘടനാ നേതാക്കൾ കേന്ദ്രം ഒരുക്കിയ ഉച്ചഭക്ഷണം നിരസിച്ചു. വിജ്ഞാൻ ഭവനിൽ 12 മണിക്ക് ആരംഭിച്ച ചർച്ച ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞപ്പോൾ മന്ത്രിമാർ നേതാക്കളെ ഭക്ഷണത്തിന് ക്ഷണിച്ചു. എന്നാൽ ഞങ്ങൾക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. സിംഘു അതിർത്തിയിലെ ഭക്ഷണശാലയിൽ പാചകം ചെയ്ത ഭക്ഷണം സമരക്കാർ പ്രത്യേക വാഹനത്തിൽ എത്തിച്ച് നേതാക്കൾക്ക് നൽകുകയായിരുന്നു. ഇവ വിജ്ഞാൻ ഭവനിലെ നിലത്തിരുന്നും മറ്റും നേതാക്കൾ കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വൈകീട്ട് ചായ എത്തിയപ്പോൾ അതും നേതാക്കൾ നിരസിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നടന്ന ചർച്ചയിലും കേന്ദ്രത്തിന്റെ ചായസത്ക്കാരം നേതാക്കൾ നിരസിച്ചിരുന്നു.