അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും ഒരു മലയാളിക്ക്. ഇന്നലത്തെ നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.13 കോടി രൂപ) കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോർജ് ജേക്കബിന് ലഭിച്ചു.
20 വർഷമായി യു.എ.ഇയിലുള്ള ജോർജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കൽസ് മാനേജരാണ്. രണ്ടു വർഷമായി തനിച്ചും കൂട്ടുകാർ ചേർന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളർന്നയാളാണെന്നും അതിനാൽ സമ്മാനത്തിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും പറഞ്ഞു. ഭാര്യ ബിജി ജോർജ് (നഴ്സ്, റാഷിദ് ഹോസ്പിറ്റൽ), മക്കളായ ഡാലിയ ജോർജ്, ഡാനി ജോർജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം. ജോർജിനെ കൂടാതെ 3 മലയാളികളടക്കം 5 പേർക്ക് 40,000 മുതൽ 5 ലക്ഷം ദിർഹം വരെ ലഭിച്ചിട്ടുണ്ട്. ജൂണിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അജ്മാനിൽ ജോലിചെയ്തിരുന്ന അസൈൻ എന്ന മലയാളിക്കായിരുന്നു