വടകര: അഴിയൂർ പഞ്ചായത്ത് വാർഡ് 14 ആവിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാട്ടാണ്ടി പ്രമോദിന് അപരനായെത്തിയ എൽ.ജെ.ഡിയുടെ പ്രമോദ് കാളാണ്ടിയിൽ നിന്ന്
ശ്രദ്ധ തിരിച്ച് വോട്ടുറപ്പിക്കാൻ തിരഞ്ഞെടുപ്പ് ചിഹ്നമായ മൺകലം നിർമ്മിച്ച് ആളുകളെ ആകർഷിക്കുകയാണ് മാട്ടാണ്ടി പ്രമോദ്.
കലാകാരൻ ശ്രീശൻ ചോമ്പാല യുവാക്കളുടെ കൂട്ടായ്മയിലാണ് ചിഹ്നം നിർമ്മിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാ വാർഡായ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി 56 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എന്നാൽ ജനതാദൾ എൽ.ഡിഎഫിൽ വന്നതോടെ ഭൂരിപക്ഷം മറികടക്കാനുള്ള വോട്ടുകൾ ഉണ്ടെന്നതു കൂടാതെ വർദ്ധിച്ച വോട്ടുകളും ഗുണം ചെയ്യുമെന്നും പൊതുജനങ്ങൾക്കിടയിലെ സാമൂഹ്യ പ്രവർത്തനവും ആശ്വാസമാവുമെന്ന വിശ്വാസത്തിലാണ് പ്രമോദ് മാട്ടാണ്ടി. കോൺഗ്രസിന്റെ പി.ബാബുരാജ് ആണ് മുഖ്യ എതിരാളി. കൂടാതെ ബി.ജെപിയുടെ പ്രകാശൻ പി.കെ യും മറ്റൊരു ബാബുവും സ്വതന്ത്ര സ്ഥാനാർത്ഥിയായുണ്ട്.