തിരുവനന്തപുരം:കാറപകടത്തിൽ മരിക്കുന്നതിന് എട്ടുമാസം മുൻപ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിൽ 82ലക്ഷം രൂപയുടെ എൽ. ഐ. സി പോളിസി എടുത്തതായി സി.ബി.ഐ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവാകുന്നു. ബാലുവിന്റെ ട്രൂപ്പിന്റെ മുൻ മാനേജരും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പരും ഇ - മെയിലും പോളിസിയിൽ ചേർത്തതാണ് സംശയമുണ്ടാക്കുന്നത്. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ബാലുവിന്റെ സുഹൃത്തുക്കൾ ശ്രമിച്ചെന്ന് ബന്ധുക്കൾ സി.ബി.ഐയോട് പരാതിപ്പെട്ടിരുന്നു. അതിനാൽ ഇൻഷ്വറൻസ് തുകയായ 93 ലക്ഷം രൂപ എൽ. ഐ. സി ആർക്കും കൈമാറിയിട്ടില്ല.
ബാലുവിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. അപകടത്തിൽ പരിക്കേറ്റ ലക്ഷ്മി ഐ.സി.യുവിൽ കിടക്കുമ്പോൾ വിഷ്ണു സോമസുന്ദരം അവിടെ കടന്നുകയറി വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചെന്നും സി.ബി.ഐക്ക് വിവരം കിട്ടി. ഇതു പിന്തുടർന്നുള്ള അന്വേഷണമാണ് ഭീമമായ തുകയുടെ പോളിസിയിലേക്ക് എത്തിയത്.
വിഷ്ണു സോമസുന്ദരത്തിന്റെ സുഹൃത്തായ ഇൻഷ്വറൻസ് ഡെവലപ്മെന്റ് ഓഫീസർ മുഖേനയാണ് പോളിസി എടുത്തതെന്നും സി.ബി.ഐ കണ്ടെത്തി. ഡെവലപ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രീമിയം അടച്ചത്. ഇത് ഐ. ആർ. ഡി. എ ചട്ടങ്ങളുടെ ലംഘനമാണെന്നും സൂചനയുണ്ട്.
എൽ. ഐ. സി മാനേജരെയും ഇൻഷ്വറൻസ് ഡവലപ്മെന്റ് ഓഫീസറെയും സി. ബി. ഐ ചോദ്യം ചെയ്തു. ബാലഭാസ്കർ നേരിട്ടെത്തിയാണ് രേഖകൾ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന മാനേജരെന്ന നിലയിൽ വിഷ്ണുവിന്റെ ഫോൺ നമ്പരും ഇ മെയിൽ വിലാസവും നൽകിയത് ബാലഭാസ്കർ ആണെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. ഇത് സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം വേണമെന്ന് സി. ബി. ഐ വ്യക്തമാക്കി.
അപകടത്തിന് ശേഷം ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടർമാരെയും സി.ബി.ഐ.ചോദ്യം ചെയ്തു.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപം 2018 സെപ്തംബർ 25ന് പുലർച്ചെയാണ് കാർ അപകടത്തിൽ പെട്ട് ബാലഭാസ്കറും മകളും മരിച്ചത്. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഡിസംബർ അവസാനത്തോടെ കേസിലെ ദുരൂഹതകൾ നീക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്.