തിരുവനന്തപുരം: കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കാൻ തടയണ ഒരുങ്ങുന്നു. പൂന്തുറയിലാണ് പരീക്ഷണാർത്ഥം പദ്ധതി നടപ്പാക്കുന്നത്. കടലിനുള്ളിൽ കടൽ തടയണ (ഓഫ് ഷോർ ബ്രേക്ക് വാട്ടർ) പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പരമ്പരാഗത തീരസംരക്ഷണ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയിൽ പരീക്ഷണാർത്ഥം 700 മീറ്റർ ദൂരത്തിലാകും തടയണ നിർമിക്കുക. 19.70 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയുള്ളതാണ് പദ്ധതി. പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള തീരസംരക്ഷണത്തിന്റെ ഭാഗമായാണ് ആദ്യഘട്ടം ഒരുങ്ങുന്നത്. പരീക്ഷണം വിജയകരമായാൽ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. നിർമാണം സമയബന്ധിതമായി നടപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പൂന്തറ മേഖലയിൽ തീരസംരക്ഷണത്തിനായി നിർമ്മിച്ച കടൽമുട്ടും സംരക്ഷണഭിത്തിയും വേണ്ടത്ര ഫലപ്രദമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മണൽ നിറഞ്ഞ ബീച്ചിന്റെ അഭാവം മൂലം വള്ളങ്ങൾക്ക് കരയ്ക്ക് അടുക്കാൻ പ്രയാസമായിരുന്നു. കടൽ ക്ഷോഭിക്കുമ്പോൾ മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തുറമുഖം മാത്രമാണ് ആശ്രയം. ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കുന്നതോടെ കടൽതീരത്ത് നിന്ന് 120 മീറ്റർ അകലത്തിൽവച്ച് തന്നെ തിരമാലകൾ ബ്രേക്ക് വാട്ടറിൽ തട്ടി ശക്തി ക്ഷയിച്ച് പോകുന്നതിനാൽ കടലാക്രമണം ഉണ്ടാകില്ല. കൂടാതെ ബീച്ച് രൂപപ്പെടുന്നതിനാൽ ഇവിടെ അനായാസം വള്ളങ്ങൾക്ക് കരയ്ക്കടുക്കാം. കരയിൽ നിന്ന് 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്. 100 മീറ്റർ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം. ബ്രേക്ക് വാട്ടറുകൾക്കിടയിൽ 50 മീറ്റർ അകലം ഉണ്ടായിരിക്കും. വള്ളങ്ങൾക്ക് ഇതിലൂടെ പ്രവേശിക്കാൻ കഴിയും. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയാണ് തീരദേശ വികസന കോർപ്പറേഷന് സാങ്കേതിക സഹായം നൽകുന്നത്. ഇതുസംബന്ധിച്ചുള്ള കരാർ എൻ.ഐ.ഒ.ടിയും തീരദേശ കോർപറേഷനും ഒപ്പുവച്ചിട്ടുണ്ട്.