ഭാഗ്യപരീക്ഷണത്തിൽ ലോട്ടറികൾക്ക് വലിയ പങ്കുണ്ട്. ആദ്യമായി എടുത്ത ലോട്ടറി തന്നെ ഭാഗ്യം കൈവന്നവരും കുറവല്ല. ഇപ്പോഴിതാ പൂർണമായും ലോട്ടറി ടിക്കറ്റുകൾ കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് സാമൂഹികമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഫോട്ടോഗ്രാഫറും കലാകാരനുമായ സുനിൽ സ്നാപാണ് ഷൂട്ട് ഒരുക്കിയത്.
ആളുകൾ നിരാശയോടെ ടിക്കറ്റുകൾ വലിച്ചെറിയുന്നത് കണ്ടപ്പോഴുണ്ടായ ആശയത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിലേക്ക് എത്തിയതെന്ന് സുനിൽ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'ഭാഗ്യദേവത' എന്നാണ് ഫോട്ടോഷൂട്ടിന് പേര് നൽകിയിരിക്കുന്നത്. കേരള ലോട്ടറിക്ക് ഒരു പരസ്യം ആയിക്കോട്ടെയെന്നും സുനിൽ പറയുന്നു. 2000 ടിക്കറ്റുകളാണ് ഈ ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്.
പൂക്കൾ, ചൈനാ സ്റ്റൈലിലുള്ള വിശറി, വള, ചെരുപ്പ്, മാല, പാവാടയും ടോപ്പ്, വാച്ച്, കമ്മൽ തുടങ്ങി എല്ലാ സാധനങ്ങളും ടിക്കറ്റുകൾ ഉപയോഗിച്ചാണ് ചെയ്തത്. സുനിലിന്റെ മകൾ നന്ദനയാണ് പൂക്കളുണ്ടാക്കിയത്. "ഇടയ്ക്ക് ന്യൂസ് പേപ്പർ ഉപയോഗിച്ചുള്ള ഒരു ഫോട്ടോഷൂട്ട് കണാനിടയായി. അപ്പോഴാണ് എന്തുകൊണ്ട് ലോട്ടറി ടിക്കറ്റുകൾ കൊണ്ട് കോസ്റ്റ്യൂം ചെയ്ത് ഒരു ഫോട്ടോഷൂട്ട് ചെയ്തൂടാ എന്ന് തോന്നിയത്. കേരളാ ലോട്ടറി ആയത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന പേടി ഉണ്ടായിരുന്നു.
എന്നാൽ, അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മോശം കമന്റുകൾ വരുമെന്നാണ് കരുതിയതെങ്കിലും എല്ലാവരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്." സോഷ്യൽ മീഡിയയിൽ വൈറലായ ഋഷിശൃംഗനും വൈശാലിയും ചെയ്ത ദമ്പതികളിലെ വൈശാലിയെ അവതരിപ്പിച്ച മായയാണ്. മോഡലായിരിക്കുന്നത്. മോഡലാകാൻ മറ്റ് പലരെയും സമീപിച്ചെങ്കിലും ലോട്ടറി ടിക്കറ്റുകളായതിനാൽ ആരും സമ്മതിച്ചില്ലെന്നും സുനിൽ പറയുന്നു.