കോട്ടയം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തു. എറണാകുളം പറവൂർ സ്വദേശിയായ ദീപക്കാണ് (22) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇടുക്കി ഡാം കാണാൻ സുഹൃത്തുക്കളുമായി എത്തിയതായിരുന്നു ദീപക്ക്. കൂട്ടുകാരെ പറഞ്ഞയച്ചശേഷം പെൺകുട്ടിയെ കാണാൻ വീടിനടുത്തെത്തി. തുടർന്ന് പെൺകുട്ടിയെ വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. യുവാവിനെക്കുറിച്ച് വീട്ടുകാർക്ക് സംശയമുണ്ടായിരുന്നതിനാൽ ഇയാളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ച് വിവരം അന്വേഷിച്ചു. തുടർന്ന് വീട്ടുകാർ എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇടുക്കി പൊലീസ് കേസ് എടുത്ത് ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പീഡനശ്രമത്തിനും പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിനും മദ്യം കുടിപ്പിച്ചതിനും പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.