കോട്ടയം: ആന്ധ്രാപ്രദേശിലെ കൊടുംവനത്തിനുള്ളിൽ കഞ്ചാവ് തഴച്ചുവളരുന്നു. കൃഷിചെയ്യുന്നത് ഇടുക്കി ജില്ലക്കാരും. ഇടുക്കി ജില്ലയിലെ കാടുകൾ വെട്ടിത്തെളിച്ച് കഞ്ചാവ് കൃഷി ചെയ്യുന്നത് പൊലീസും എക്സൈസും തുടരെ റെയ്ഡ് നടത്തി പിടികൂടി നശിപ്പിച്ചതോടെയാണ് കഞ്ചാവ് മാഫിയ ആന്ധ്രയിലേക്ക് ചുവടു മാറ്റിയത്. വർഷങ്ങൾക്കു മുമ്പേ ഇവർ ആന്ധ്രയിൽ ചുവടുറപ്പിച്ചിരുന്നു. കഞ്ചാവ് കൃഷിയിൽ വിദഗ്ദ്ധരായ ഇടുക്കി ജില്ലക്കാരെ തിരഞ്ഞുപിടിച്ചാണ് കൃഷിക്കായി ആന്ധ്രയിൽ എത്തിച്ചത്.
മാവോയിസ്റ്റ് അധീനതയിലുള്ള വനങ്ങളിലാണ് ഇവർ കൃഷിചെയ്യുന്നത്. ഈ ഭാഗത്തേക്ക് ആന്ധ്രാ പൊലീസ് തിരിഞ്ഞുനോക്കാത്തതാണ് കൃഷി വിപുലമാവാൻ കാരണം. ആന്ധ്രാ പൊലീസിന് മാവോയിസ്റ്റുകളെ ഭയമാണ്. തന്നെയുമല്ല, സായുധരായ മാവോയിസ്റ്റുകളെ കീഴ്പ്പെടുത്തി വനത്തിനുള്ളിൽ റെയ്ഡ് നടത്തുക അസാദ്ധ്യവുമാണ്.
കഞ്ചാവ് ചെടികൾക്ക് കാവൽ നില്ക്കുന്നതും മാവോയിസ്റ്റുകളാണ്. പകരം ഇവർക്ക് കോടികൾ നല്കണം. ആ തുക കൂട്ടിയാലും കൃഷിയിറക്കുന്ന മാഫിയയ്ക്ക് ലഭിക്കുന്നത് അമിതലാഭമാണ്.
ഒന്നാന്തരം നീലച്ചടയൻ
ഏക്കർ കണക്കിന് വനം വെട്ടിമാറ്റിയാണ് കൃഷിയിറക്കിയിട്ടുള്ളത്. ഇപ്പോൾ കേരളത്തിലെത്തുന്ന കഞ്ചാവിന്റെ ഉറവിടം ആന്ധ്രാപ്രദേശാണ്. ആന്ധ്രയിൽ നിന്ന് ട്രെയിനിലും കാറുകളിലും ബസുകളിലുമായി തമിഴ്നാട്ടിൽ എത്തിച്ച ശേഷമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്. ലോകത്തുതന്നെ ഏറ്റവും വീര്യം കൂടിയ നീലച്ചടയൻ കഞ്ചാവാണ് ആന്ധ്രയിൽ കൃഷിചെയ്യുന്നത്. ഇതിന് നല്ല മാർക്കറ്റുമാണുള്ളത്.
കഞ്ചാവ് ചെടി മൂപ്പെത്തിയാൽ പിഴുതെടുത്ത് വാറ്റുകയാണ് പതിവ്. സംസ്കരിച്ചെടുക്കുന്ന ഹാഷിഷ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറിപ്പോവുന്നുണ്ട്. ഒരു കിലോ ഹാഷിഷിന് ആഗോളമാർക്കറ്റിൽ ഒരു കോടി രൂപ വിലവരും. എന്നാൽ, കേരളത്തിൽ വില്ക്കുന്നത് പത്തും പന്ത്രണ്ടും ലക്ഷം രൂപയ്ക്കാണ്. കിട്ടുന്നതിൽ പകുതി മാവോയിസ്റ്റുകൾക്ക് നല്കണമെന്നാണ് നിബന്ധന. ഈ തുക വിധ്വംസക പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും വിനിയോഗിക്കുന്നത്.
ദുരൂഹമായി യുവാക്കളെ കാണാതാവുന്നു
ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 22 ലധികം യുവാക്കളെ കാണാതായിട്ടുണ്ട്. ഇവർ ആന്ധ്രയിൽ കഞ്ചാവ് കൃഷി ചെയ്യുകയാണെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഇടുക്കി സ്പെഷ്യൽബ്രാഞ്ച് വർഷങ്ങൾക്ക് മുമ്പ് അന്വേഷണം നടത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇവരെ കണ്ടെത്താനോ തുടർ നടപടികളോ ഉണ്ടായിട്ടില്ല.
എന്നാൽ, നാട്ടിൽ നിന്ന് അപ്രത്യക്ഷരായ യുവാക്കളിൽ ചിലർ ഇടക്ക് നാട്ടിൽ എത്തി മടങ്ങിയിരുന്നു. വീട്ടുകാർക്ക് ആവശ്യത്തിന് പണം നല്കിയാണ് ഇവർ മടങ്ങുന്നത്. ഒരു ജോലിയുമില്ലാത്ത വീട്ടുകാർ മാളികകൾ നിർമ്മിച്ച് താമസിക്കുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കാണാതായ യുവാക്കളെക്കുറിച്ച് ഒരു സൂചനയും വീട്ടുകാരിൽ നിന്നോ നാട്ടുകാരിൽ നിന്നോ ലഭിച്ചില്ല.
ഗോഡൗൺ കമ്പത്ത്
ആന്ധ്രയിൽ നിന്ന് എത്തുന്ന നീലച്ചടയൻ കഞ്ചാവ് തമിഴ്നാട്ടിലെ കമ്പത്താണ് സ്റ്റോക്ക് ചെയ്യുന്നത്. അവിടെ കിലോ കണക്കിന് തൂക്കിയാണ് കച്ചവടം. രഹസ്യ കേന്ദ്രങ്ങളിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് കഞ്ചാവ് വാങ്ങാൻ ചെല്ലുന്നവർക്ക് മുൻപരിചയം ഇല്ലെങ്കിൽ കഞ്ചാവ് കിട്ടില്ല. ഇടനിലക്കാർ മുഖേനയേ കഞ്ചാവ് വാങ്ങാൻ സാധിക്കുകയുള്ളൂ. വാങ്ങാൻ ചെല്ലുന്നയാളെ ഒരു കാരണവശാലും രഹസ്യകേന്ദ്രത്തിലെത്തിക്കില്ല. പുറത്ത് എവിടെയെങ്കിലും വച്ച് പണം വാങ്ങി കഞ്ചാവ് കൊടുക്കുകയാണ് പതിവ്.
2017ൽ 17 കോടിയുടെ ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ നാലു പ്രതികളെ കഴിഞ്ഞദിവസം തൊടുപുഴ കോടതി 10 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ആന്ധ്രയിലെ കാടുകളിൽ കൃഷിചെയ്ത കഞ്ചാവ് വാറ്റിയതാണെന്ന് കട്ടപ്പനയിൽ അറസ്റ്റിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
.