തിരുവനന്തപുരം: മരണക്കെണിയൊരുക്കുന്ന വായ്പകൾക്ക് തടയിടാൻ സ്വന്തം ബാങ്കുമായി കുടുംബശ്രീ . മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വായ്പയെടുത്തവരിൽ നിന്ന് കൊള്ളപ്പലിശയീടാക്കുന്നതും, മൊബൈലിൽ നിന്ന് ചിത്രങ്ങളും വിവരങ്ങളും ചോർത്തി ബ്ലാക്ക്മെയിൽ ചെയ്യുന്നതുമടക്കം വ്യാപകമായതിനു പിന്നാലെയാണ് തീരുമാനം.
കുടുംബശ്രീയ്ക്ക് 43ലക്ഷം അംഗങ്ങളുള്ളതിനാൽ, സർക്കാരിന്റെ പിന്തുണയോടെ ബാങ്കിംഗ് ലൈസൻസ് നേടാം. ബാങ്ക് ആരംഭിക്കാനുള്ള സാദ്ധ്യതാപഠനം തുടങ്ങിയതായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ പറഞ്ഞു.നിലവിൽ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടുകൾ പല ബാങ്കുകളിലാണ്. ഇതെല്ലാം ഭാവിയിൽ കുടുംബശ്രീ ബാങ്കിലേക്ക് മാറും. എളുപ്പത്തിൽ വായ്പ ലഭിക്കും. കുടുംബശ്രീ മൈക്രോഫിനാൻസ് പദ്ധതിയിൽ 1.03ലക്ഷം അയൽക്കൂട്ടങ്ങൾക്കായി 4,132കോടി രൂപയുടെ ബാങ്ക് വായ്പ എടുത്തിരുന്നു. 12.5ശതമാനം വരെയാണ് പലിശ. വിവിധ ക്ഷേമപദ്ധതികൾക്കായി കോടികളുടെ വായ്പ വേറെയുമുണ്ട്. 200കോടി രൂപ മൂലധനമുള്ള മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് റിസർവ്ബാങ്ക് ചെറുബാങ്ക് ലൈസൻസ് അനുവദിക്കും.
2.91ലക്ഷം അയൽക്കൂട്ടങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാൻ കഴിഞ്ഞവർഷം മാത്രം 52.59കോടിയാണ് കുടുംബശ്രീ സബ്സിഡി നൽകിയത്. കുടുംബശ്രീ ബാങ്ക് വരുന്നതോടെ അയൽക്കൂട്ടങ്ങൾക്ക് വായ്പകൾക്കായി ബാങ്കുകളുടെ ഔദാര്യം കാക്കേണ്ടതില്ല. 2.29ലക്ഷം ഗ്രാമീണ അയൽക്കൂട്ടങ്ങളുള്ളതിനാൽ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തനം ശക്തമാക്കാനാവും.
കുടുംബശ്രീ
ബാങ്ക് വന്നാൽ
കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാം.ദിവസപ്പലിശയുള്ള കഴുത്തറുപ്പൻ വായ്പകളെ അകറ്റാം
അയൽക്കൂട്ടങ്ങൾക്കായി നിരവധി സമ്പാദ്യ പദ്ധതികൾ തുടങ്ങാം
വാഹനവായ്പ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പുകൾ എന്നിവയും നൽകാം
ബാങ്കായാൽ കുടുംബശ്രീ മൈക്രോഫിനാൻസ് അന്യസംസ്ഥാന മലയാളികൾക്കും ലഭ്യം
പ്രവാസി നിക്ഷേപം സ്വീകരിക്കാം. കൃഷി, സ്വയംതൊഴിൽ, സംരംഭകത്വ വായ്പകൾ നൽകാം
"ആന്ധ്രയിലെ ശ്രീനിധി ബാങ്കിന്റെ മാതൃകയിലാവും ബാങ്ക് . സാദ്ധ്യതാപഠനത്തിൽ, ഏതുതരം ബാങ്ക് വേണമെന്ന് തീരുമാനിക്കും".
-ഹരികിഷോർ
എക്സിക്യുട്ടീവ് ഡയറക്ടർ