അഹമ്മദാബാദ് : ഓഫറുകൾക്ക് പിന്നാലെ പായുന്നതാണ് ഇന്നത്തെ യുവത്വം. ഓൺലൈനിൽ വരുന്ന ഓഫറുകളിൽ ചിലത് ചതിക്കുഴികളുമാവാം. അത്തരമൊരു ചതിയിലാണ് അഹമ്മദാബാദിലുള്ള യുവതി ചെന്നു പെട്ടത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് യുവതിയുടെ ഫോണിലേക്ക് പുത്തൻ സ്റ്റൈലിലുള്ള അടിവസ്ത്രങ്ങൾ ഫ്രീയായി നൽകാം എന്ന സന്ദേശമെത്തിയത്. കമ്പനിയുടെ പ്രമോഷണൽ സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ എന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. ഇത് കണ്ടപാടെ യുവതി പരസ്യത്തിൽ ആകർഷിക്കപ്പെടുകയും വേണം എന്ന അറിയിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഡിസംബർ മുപ്പതിന് യുവതിയുടെ ഫോണിൽ ഒരു സന്ദേശം കൂടി വന്നു. അടിവസ്ത്രങ്ങൾ അയക്കുന്നതിലേക്കായി യുവതിയുടെ ചിത്രങ്ങൾ അയക്കണമെന്നായിരുന്നു രണ്ടാമത് വന്ന സന്ദേശം. ഒരു സംശയവും കൂടാതെ സന്ദേശത്തിൽ നൽകിയ വാട്സാപ്പ് നമ്പറിൽ യുവതി ചിത്രങ്ങൾ അയച്ചു നൽകി. ചിത്രം അയച്ചതോടെ യുവതിയെ തേടി ഭീഷണി സന്ദേശങ്ങളാണ് എത്തിയത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സൈബർ ലോകത്തിൽ പ്രചരിപ്പിക്കും എന്നതടക്കമുള്ള സന്ദേശങ്ങളാണ് വന്നത്. ഇതോടെ യുവതി പൊലീസിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിയ യുവതിയെ കെണിയിൽ പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെ പിന്തുടർന്നതിനും, ഇന്റർനെറ്റ് ദുരുപയോഗം ചെയ്തതിനും, മാനനഷ്ടം ഉൾപ്പടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.