ചെന്നൈ: ബിരിയാണിക്ക് കാശ് ചോദിച്ചതിന് ഹോട്ടൽ ഉടമയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്ന് ബിജെപി നേതാക്കൾ അറസ്റ്റിൽ.ചെന്നൈ റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയിലാണ് സംഭവം.
കട അടയ്ക്കാൻ നോക്കുമ്പോഴായിരുന്നു ബിജെപി ട്രിപ്ലിക്കൻ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കർ, പ്രസിഡന്റ് പുരുഷോത്തമൻ, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവർ എത്തിയത്. ബിരിയാണി വാങ്ങി പണം നൽകാതെ കടന്നു കളയാനായിരുന്നു ഇവരുടെ ശ്രമം. ഇത് ഉടമയും ജീവനക്കാരും തടഞ്ഞതോടെയായിരുന്നു ഭീഷണി.
അമിത് ഷായുടെ സഹായി വിളിക്കുമെന്നും, മിനിറ്റുകൾക്കകം തെരുവിൽ കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ഭീഷണി മുഴക്കിയത്. ഉടൻ ഹോട്ടലുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.