കൊടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര അഴകം അഴകത്ത്കൂടാരത്തിൽ വീട്ടിൽ ശിവനെ (50) ആണ് കൊടകര എസ്.ഐ: ഷാജൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരനായ ശിവൻ ഒളിവിൽ പോവുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തി വരികയായിരുന്നു. കോട്ടയം ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി തമിഴ്നാട്ടിലേക്കു രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. ചെലവിനുള്ള പൈസ സംഘടിപ്പിക്കാനായി അഴകത്തെ വീട്ടിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർ വത്സല, എ.എസ്.ഐ: തോമസ്, സി.പി.ഒ: സതീഷ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.