തിരുവനന്തപുരം: എ.കെ.ജി സെന്റർ, ഇന്ദിരാഭവൻ, മാരാർജി ഭവൻ എന്നിവയെപ്പോലെ തലസ്ഥാനത്ത് കേരള കോൺഗ്രസിന് ആസ്ഥാനം പണിയാൻ കളമൊരുങ്ങുന്നു. കെ.എം. മാണിയുടെ പേരിൽ ഉയരാൻ പോകുന്ന സ്മാരകത്തിന്റെ മറവിലാണ് തലസ്ഥാനത്തും പാർട്ടി ആസ്ഥാനം കെട്ടിപൊക്കാൻ കേരള കോൺഗ്രസിൽ അണിയറ നീക്കങ്ങൾ നടക്കുന്നത്. സർക്കാർഭൂമിയിലാണ് പാർട്ടി മന്ദിരം ഉയരാൻ പോകുന്നത് എന്നതാണ് മറ്റൊരു കാര്യം. നിരവധി ഭൂമി തട്ടിപ്പുകേസുകൾക്ക് ഇടമായി മാറിയ കടകംപളളി വില്ലേജിലെ സർക്കാർ ഭൂമിയിലാണ് കെ.എം. മാണി സ്മാരകം പണിയാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നത്.
തിരുവനന്തപുരത്ത് പുലയനാർക്കോട്ട ടി.ബി സെന്ററിന് സമീപമുളള 50 സെന്റ് സർക്കാർ ഭൂമിയാണ് മാണി സ്മാരകത്തിന് കൈമാറാനായി വഴിവിട്ട നീക്കം നടക്കുന്നത്. റീജിയണൽ ക്യാൻസർ സെന്ററിന് കൈമാറാനിരുന്ന ഭൂമിയാണ് മാണി സ്മാരകത്തിന്റെ പേരിൽ ദുരുപയോഗപ്പെടുത്തുന്നത് എന്നതാണ് ആക്ഷേപം.
കെ.എം. മാണി ഫൗണ്ടേഷന് വേണ്ടി അഞ്ച് കോടി രൂപ കഴിഞ്ഞവർഷം അവതരിപ്പിച്ച ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ, ആ തുക മന്ദിര നിർമ്മാണത്തിന് വേണ്ടിയാണെന്നും അമ്പത് സെന്റ് സർക്കാർ ഭൂമി പുറമെ അനുവദിക്കണമെന്നുമാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടിരിക്കുന്നത്. 13,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുളള മാണി സ്മാരകമാണ് സർക്കാർ ചെലവിൽ സർക്കാർ ഭൂമിയിൽ ഉയരാൻ പോകുന്നത്.
പുലയനാർക്കോട്ട ടി.ബി ആശുപത്രി ക്യാമ്പസിൽ ഉൾപ്പെടുന്ന സ്ഥലത്താണ് പ്രമേഹ രോഗ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അതിനു സമീപമായി ആർ.സി.സിയുടെ വികസനത്തിന് മാറ്റിവച്ചിരുന്ന സർക്കാർ സ്ഥലമാണ് മാണി സ്മാരകത്തിനായി വഴിത്തിരിക്കാൻ ശ്രമിക്കുന്നത്. പൊതുജനാരോഗ്യ കേന്ദ്രത്തിനായി മാറ്റിവച്ചിരിക്കുന്ന സർക്കാർ ഭൂമി രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ കേരള കോൺഗ്രസിൽ തന്നെ വിയോജിപ്പുണ്ട്. കെ.എം. മാണിയുടെ ഹൃദയമെന്ന് ജോസ് കെ. മാണി ആവർത്തിക്കുന്ന പാലായിലാണ് മാണിയുടെ സ്മാരകം ഉയരേണ്ടതെന്നാണ് വിയോജന പക്ഷം പറയുന്നത്.
അന്ന് ഇങ്ങനെ
കെ.എം. മാണിക്ക് സ്മാരകം എന്ന ജോസ് കെ. മാണിയുടെ ആവശ്യം ഇടതുകേന്ദ്രങ്ങളെ വരെ അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തോമസ് ഐസക്ക് അവതരിപ്പിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വരും എന്ന രാഷ്ട്രീയ അഭ്യൂഹത്തിന് ശക്തിപകരുന്നതായിരുന്നു സർക്കാർ തീരുമാനം. പിന്നീട് ജോസ് കെ. മാണിയും കൂട്ടരും എൽ.ഡി.എഫിലേക്ക് തന്നെയെത്തി എന്നത് ചരിത്രത്തിന്റെ ഭാഗം.
തോമസ് ഐസക്ക് അന്നത്തെ ബഡ്ജറ്റിന് ശേഷം പറഞ്ഞത് ഇങ്ങനെ: 'കെ.എം മാണിക്ക് സ്മാരകം നിർമ്മിക്കുന്നതിൽ സി.പി.എം പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല. സ്മാരകം അനിവാര്യമാണ്. കേരളരാഷ്ട്രീയത്തിൽ കെ.എം. മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സി.പി.എം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതിൽ തെറ്റില്ല. അത് സർക്കാരിന്റെ കടമയാണ്.'
ജോസിന്റെ അന്നത്തെ ആരോപണം
'മാണി സാർ രാഷ്ട്രീയ അഭയം നൽകിയ പി.ജെ. ജോസഫ് അദ്ദേഹത്തിന്റെ മരണശേഷം എന്റെ വീടും പാർട്ടിയും അടക്കം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു.
അത്തരമൊരു നീക്കം പി.ജെ. ജോസഫ് നടത്തിയപ്പോൾ ഈ പ്രസ്ഥാനത്തിനെ സംരക്ഷിച്ചു എന്നതാണോ എന്റെ തെറ്റ്. മാണി സാറിന്റെ വീട് മ്യൂസിയമാക്കാൻ വീട്ടുകൊടുക്കണമെന്നായിരുന്നു പി.ജെ. ജോസഫ് ആവശ്യപ്പെട്ടത്.