തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങവേ, കോൺഗ്രസിന്റെ സംഘടനാ കരുത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചില ഡി.സി.സികളിലെ അഴിച്ചുപണിക്കായി അന്തിമ ചർച്ച ഡൽഹിയിൽ നടത്തുന്നു. ഇതിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡൽഹിക്ക് തിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഡൽഹിയിലെത്തി.
ഈ മാസം പത്തിനകം അഴിച്ചുപണിയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടും നടപടി നീണ്ടുപോയ സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചതെന്ന് അറിയുന്നു.
20നകം തീരുമാനമുണ്ടാകുമെന്നുറപ്പാണ്.
രണ്ട് ദിവസം ഡൽഹിയിൽ തങ്ങാൻ നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സംവിധാനം, നേതാക്കളുടെ ചുമതലകൾ എന്നിവയിലും ധാരണയിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടി നേരിട്ട ഡി.സി.സികളിലാണ് അഴിച്ചുപണിക്ക് സാധ്യത.
പക്ഷം നോക്കിയുള്ള അഴിച്ചുപണി സാധ്യമാകുമോ എന്നോർത്ത് ഗ്രൂപ്പ് നേതാക്കൾ അങ്കലാപ്പിലായതിനാൽ
ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട്.
ചില ഡി.സി.സികളിൽ മുൻനിര കെ.പി.സി.സി ഭാരവാഹികൾ അദ്ധ്യക്ഷ പദവികളിലെത്തിയേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് പുറമേ, ഇരട്ടപ്പദവി വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും മാറ്റം വന്നേക്കാം. അതേസമയം, അടുത്തിടെ പ്രസിഡന്റുമാർ മാറിയ തൃശൂരിലും കോഴിക്കോടും ഒഴിച്ചുള്ള എല്ലാ ജില്ലകളിലും മാറ്റമുണ്ടാകുമെന്ന അഭ്യൂഹവുമുണ്ട്. 20ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി സെക്രട്ടറിമാരും തിരുവനന്തപുരത്ത് എത്തിയേക്കും.