ജക്കാർത്ത: ഇന്തോനേഷ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും സമീപ നഗരമായ മജെനേയിലുമാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിരുന്നു. നഗരത്തിൽ വൈദ്യുത, ടെലിഫോൺ ബന്ധം ഇതുവരെ പൂർണമായി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പൊട്ടിത്തകർന്ന റോഡിലുകളിലൂടെയാണ് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നത്. പത്തോളം ദുരതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 800 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ പകുതിപ്പേർക്കും ഗുരുതരമായി പരിക്കേറ്റെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പത്തിൽ മമുജുവിൽ 47 പേരും മജെനെയിൽ ഏഴുപേരും മരിച്ചെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് പറഞ്ഞു. 415 വീടുകളാണ് മജേനെയിൽ മാത്രം തകർന്നത്. 15,000 പേർ ഇതോടെ ഭവനരഹിതരായി. ഏജൻസി പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. മൂന്നുലക്ഷത്തോളം പേർ താമസിക്കുന്ന നഗരമാണ് മമുജു. ഇവിടെ ഗവർണറുടെ ഓഫിസും ഷോപ്പിംഗ് മാളും ഹോട്ടലുകളും ആശുപത്രിയുമെല്ലാം തകർന്നിരുന്നു. 2004ൽ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ ഒമ്പത് രാജ്യങ്ങളിലായി 2.30 ലക്ഷം പേർ കൊല്ലപ്പെട്ടിരുന്നു.