മുംബയ്: ടി ആർ പി തട്ടിപ്പ് കേസിൽ റിപബ്ലിക്ക് ടിവി സി ഇ ഒ അർണബിനെതിരെ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. രാജ്യസുരക്ഷ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടും. അതേസമയം റിപബ്ലിക് ടിവിയെ പുറത്താക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷൻ (എൻബിഎ) ആവശ്യപ്പെട്ടു. നിലവിലെ ഡാറ്റകൾ നശിപ്പിച്ച് റേറ്റിംഗ് സുതാര്യമായി നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ബാർക്ക് ഇന്ത്യയുടെ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷൻ (എൻബിഎ) പ്രസ്താവനയിൽ പറഞ്ഞു. റേറ്റിംഗിൽ റിപബ്ലിക് ടിവി കൃത്രിമം കാണിച്ചുവെന്ന് ഈ സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണെന്നും എൻ ബി എ ആരോപിച്ചു.
'ഈ വാട്സാപ്പ് സന്ദേശങ്ങൾ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്നത് മാത്രമല്ല തെളിയിക്കുന്നത്. സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുന:സംഘടന, വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റെ കൂടി തെളിവാണ് ആ സന്ദേശങ്ങൾ. കഴിഞ്ഞ 4 വർഷത്തിനിടെ എൻബിഎ ഉന്നയിച്ച നിരവധി ആരോപണങ്ങൾ സത്യമാണെന്ന് ഇത് സ്ഥിരീകരിക്കുന്നു.'- ന്യൂസ് ബ്രോഡ്കാസ്റ്റർ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു.