മുക്കം: സ്വന്തം മണ്ഡലമായ വയനാട്ടിലെ ആകർഷകമായ 12 സ്ഥലങ്ങളും ശ്രദ്ധേയരായ 13 വ്യക്തികളും രാഹുൽ ഗാന്ധി എം.പിയുടെ കലണ്ടറിൽ. 'നമ്മുടെ വയനാട്' എന്ന ആശയത്തിന്റെ ചുവടു പിടിച്ച് അവതരിപ്പിച്ച 2021ലെ കലണ്ടർ ഇതിനകം ജനശ്രദ്ധ നേടി. വയനാടിന്റെ ഉൾനാടൻ ഗ്രാമ ഭംഗി തുടിക്കുന്ന 12 സ്ഥലങ്ങളും പ്രത്യേകം തിരഞ്ഞെടുത്ത 13 വ്യക്തികളുമാണ് കലണ്ടറിൽ സ്ഥാനം പിടിച്ചത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സമ്മാനം കൂടിയായി മാറുകയാണ് രാഹുലിന്റെ കലണ്ടർ.
കളങ്ങളിലെ 12 മാസങ്ങളിൽ നിറയുന്നത് 12 സ്ഥലങ്ങളും 13 വ്യക്തികളും. വയനാടിനെ സഞ്ചാരികളുടെ ഭൂപടത്തിൽ രേഖപ്പെടുത്തുക എന്ന ആശയവും രാഹുൽ ഈ കലണ്ടറിൽ അവതരിപ്പിക്കുന്നു. വയനാട്ടിലെ പ്രവർത്തകരാണ് രാഹുലിന്റെ നിർദ്ദേശപ്രകാരം വ്യക്തികളുടെയും സ്ഥലങ്ങളുടെയും പട്ടിക തയാറാക്കി നൽകിയത്.
ജനുവരിയിൽ ചെറുവയലിലെ നെൽവയലാണ് മുഖചിത്രം. വെള്ളമുണ്ടയിലെ കുറിച്യ ഗോത്രത്തിൽ ജനിച്ച കുംഭാമയാണ് വ്യക്തി. ജൈവകർഷകർക്കിടയിലെ പോരാളിയായ കുഭാമ മൂന്നാം വയസിൽ അരയ്ക്ക് താഴെ തളർന്നുപോയ വ്യക്തിയാണ്. അർബുദരോഗി കൂടിയായ ഈ 70കാരി മണ്ണിനോടും രോഗത്തോടും പൊരുതുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകമാണ്.
കേരളംകുണ്ട് വെള്ളച്ചാട്ടമാണ് ഫെബ്രുവരിയിലെ മുഖചിത്രം. ജന്മനാ കാഴ്ചപരിമിതിയുള്ള മുഹമ്മദ് ആഷിഖാണ് വ്യക്തി. സ്പെഷ്യൽ സ്കൂൾ കലോൽസവത്തിലെ താരമാണ് ഇദ്ദേഹം. മുത്തങ്ങ വന്യജീവി സങ്കേതമാണ് മാർച്ച് മാസത്തിലെ മുഖചിത്രം. പുൽപ്പള്ളിയിലെ കൃഷിയിടത്ത് പൊന്നു വിളയിക്കുന്ന കർഷക ദമ്പതികളായ മേരി മാത്യൂ, എൻ.വി. മാത്യൂ എന്നിവരാണ് വ്യക്തികൾ.
90 വയസ് പിന്നിട്ട ഇരുവരും ഇപ്പോഴും മണ്ണിൽ പണിയെടുത്താണ് ജീവിക്കുന്നത്. കനോലി തേക്ക് മ്യൂസിയമാണ് ഏപ്രിലിലെ മുഖചിത്രം. ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യ ബിരുദധാരിയും ഗവേഷകനും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിയുമായ സി. വിനോദാണ് വ്യക്തി. താമരശേരി ചുരമാണ് മെയ് മാസത്തിലെ മുഖചിത്രം. തായ്ലാൻഡിൽ നടന്ന അണ്ടർ 17 വോളിബാൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജിംന എബ്രഹാമാണ് വ്യക്തി. ബാണാസുര സാഗർ ഡാമാണ് ജൂണിലെ മുഖചിത്രം. കേരള ഫുട്ബാൾ താരമായ വിശാഖ് ആണ് വ്യക്തി.
ചാലിയാർ പുഴയാണ് ജൂലൈ മാസത്തിലെ മുഖചിത്രം. ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ നിയാസ് ചോലയാണ് വ്യക്തി. ചെമ്പ്ര മലയാണ് ഓഗസ്റ്റ് മാസത്തിലെ മുഖചിത്രം. കേരള സ്കൂൾ കായിക മേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ പണിയ ആദിവാസി വിഭാഗത്തിലെ എം.കെ വിഷ്ണുവാണ് വ്യക്തി. പഴശിരാജ സ്മാരകമാണ് സപ്തംബറിലെ മുഖചിത്രം. സ്വയം വികസിപ്പിച്ചെടുത്ത യന്ത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഏഴാം ക്ലാസുകാരൻ റ്റെലൻ സജിയാണ് വ്യക്തി. വെള്ളരിമലയാണ് ഒക്ടോബറിലെ മുഖചിത്രം. ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ കേരളത്തിൽ നിന്നു പങ്കെടുത്ത ഏക പെൺകുട്ടിയായ കെ. ഫർസാന റഫീഖാണ് വ്യക്തി. ഫാന്റം പാറയാണ് നവംബറിലെ മുഖചിത്രം. ചിത്രകലയിൽ ഗിന്നസ് റെക്കോർഡ് നേടിയ കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ എം. ദിലീഫാണ് വ്യക്തി. കൊറ്റില്ലമാണ് ഡിസംബറിലെ മുഖചിത്രം. 2013ൽ ട്യൂമർ ബാധിച്ച് കാഴ്ച നഷ്ടമായിട്ടും ഏഴു കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ കവയിത്രി പി.എസ് നിഷയാണ് വ്യക്തി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കലണ്ടർ വയനാട് മണ്ഡലത്തിൽ വിതരണം ചെയ്തു തുടങ്ങി.