തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കാൽനാട്ടുകർമം നടന്നു. ക്ഷേത്രത്തിനുളളിലെ മഹാഗണപതി പ്രതിഷ്ഠയുടെ സമീപത്താണ് ചടങ്ങുകൾ നടന്നത്. ഇന്നലെ രാവിലെ 7.30-ന് ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജകൾ നടന്നത്.
ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.ശശിധരൻ നായർ, സെക്രട്ടറി കെ.ശിശുപാലൻ നായർ, ട്രഷറർ പി.കെ.കൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് വി.ശോഭ, ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ എം.രാധാകൃഷ്ണൻ നായർ, അക്കോമെഡേഷൻ കമ്മിറ്റി കൺവീനർ കെ.സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
ഫെബ്രുവരി 19-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലിൽ ഉത്സവം തുടങ്ങും. സർക്കാരിന്റെ നിർദേശം ലഭിച്ചശേഷം പൊങ്കാല നടത്തിപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.