ന്യൂഡൽഹി: സ്വകാര്യതാ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് ഇന്ത്യ വാട്സാപ്പിനോട് ആശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വാട്സാപ്പ് സി ഇ ഒ വിൽ കാത്ചാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. വാട്സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തിൽ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യൻ പൗരന്റെ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ കത്തിൽ പറയുന്നത്.
വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്സാപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്സാപ്പ് അറിയിച്ചിരുന്നത്. വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്.