തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടിയേറ്റ ജില്ലകളിലടക്കം പത്തോളം ഡി.സി.സികളുടെ അദ്ധ്യക്ഷന്മാരെ മാറ്റുമെന്ന പ്രചരണത്തിന് വിരാമം. തൽക്കാലം മാറ്റം മൂന്ന് ഡി.സി.സികളിൽ മാത്രമൊതുക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി.
മുല്ലപ്പള്ളി രാമചന്ദ്രനും ,രമേശ് ചെന്നിത്തലയും , ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇപ്പോൾ ഇരട്ടപ്പദവി വഹിക്കുന്ന ഡി.സി.സി പ്രസിഡന്റുമാരെ മാത്രം മാറ്റാൻ തീരുമാനമായത്. ഇതനുസരിച്ച് എറണാകുളത്ത് ടി.ജെ. വിനോദ് എം.എൽ.എയും പാലക്കാട്ട് വി.കെ. ശ്രീകണ്ഠൻ എം.പിയും വയനാട്ടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും മാറും. ഇവർക്ക് പകരക്കാരെ ഉടൻ തീരുമാനിക്കും. ഇന്നും നാളെയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടക്കമുള്ളവർ തിരുവനന്തപുരത്തെത്തും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാൻ ഡൽഹി ചർച്ചകളിൽ ധാരണയായിട്ടുണ്ട്. മുല്ലപ്പള്ളി കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലോ, വയനാട്ടിലെ കല്പറ്റയിലോ ജനവിധി തേടുമെന്നാണ് സൂചനകൾ.
ഉമ്മൻ ചാണ്ടിയെ അദ്ധ്യക്ഷനാക്കി രൂപീകരിച്ച പത്തംഗ മേൽനോട്ട സമിതിക്കാവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യ നിയന്ത്രണം. ഇവർ നിർദ്ദേശിക്കുന്ന ക്രമീകരണം പാർട്ടിയിൽ വരുത്തും. എന്ത് വില കൊടുത്തും തിരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കുകയെന്ന ദൗത്യമാണ് സമിതിക്ക് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.