ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികളും കേന്ദ്രസർക്കാരുമായി നടത്തിയ പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു.കാർഷിക വിഭവങ്ങളുടെ താങ്ങുവില സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഇന്ന് തയ്യാറായില്ല. നിയമം പിൻവലിക്കില്ലെന്നും കേന്ദ്രം കർഷകരെ അറിയിച്ചു. സമരം നിർത്തിയാൽ നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കാമെന്ന് കേന്ദ്രം കർഷകരോട് നിർദ്ദേശിച്ചു, ഒരു വർഷം വരെ ഇത്തരത്തിൽ നിയമം നടപ്പാക്കാതിരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ കേന്ദ്ര നിർദ്ദേശം കർഷക നേതാക്കൾ തളളി. മൂന്ന് നിയമങ്ങളും പിൻവലിക്കുവാൻ സാധിക്കില്ലെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോകാനും കേന്ദ്രം കർഷകരോട് ആവശ്യപ്പെട്ടു. ഇന്നത്തെ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് അടുത്തഘട്ട ചർച്ച ശനിയാഴ്ച നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
സമരം ചെയ്യുന്ന കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രം എൻഐഎയെ ഉപയോഗിക്കുകയാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം കാർഷിക നിയമത്തിലെ പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി നിർദ്ദേശിച്ച വിദഗ്ദ്ധസമിതിയിൽ നാലാമത് അംഗത്തെ ചേർക്കണം എന്ന ഹർജിയിൽ സുപ്രീംകോടതി ഇന്ന് നോട്ടീസയച്ചു. റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തടയുന്നതിന് വിധി പറയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.