ന്യൂഡൽഹി: കുട്ടികളെ കൊവിഡ് വൈറസ് ബാധയിൽ നിന്ന് പ്രതിരോധിക്കുന്നതിന് മൂക്കിൽ കൂടി നൽകാവുന്ന വാക്സിനായിരിക്കും ഉചിതമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗലേറിയ വ്യക്തമാക്കി. എൻ..ഡി..ആർ..എഫ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനിടയിലാണ് രൺദീപ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ നേരിയതോതിലാണ്, പക്ഷേ അവർക്ക് വൈറസ് വാഹകരാണ്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ കുട്ടികളിൽ കുത്തിവയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. കാരണം അവ കുട്ടികളിൽ പരീക്ഷണം നടത്താത്തവയാണ്. എന്നാൽ വാക്സിനേഷൻ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പാണ്. അതിനാൽ ട്രയലുകൾ നടത്തണമെന്നും. രൺദീപ് പറഞ്ഞു.
കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് ആരംഭിച്ചാൽ ചിലപ്പോൾഅവർക്ക് കൊവിഡ്ബാധയുണ്ടാകാം. അവർക്ക് അത് വലിയ പ്രശ്നമുണ്ടാക്കിയേക്കില്ലെങ്കിലും വീട്ടിലേക്കെത്തുമ്പോൾ രക്ഷിതാക്കൾക്കും മുത്തശ്ശി മുത്തശ്ശന്മാർക്കും അവരിലൂടെ അസുഖം ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ഭാരത് ബയോടെക്ക് ഒരു നേസൽ വാക്സിന് അംഗീകാരം നേടുന്നതിനുളള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അത് വിദ്യാർത്ഥികൾക്ക് നൽകുന്നത് വളരെ എളുപ്പമാണ്. അരമണിക്കൂറിനുളളിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ സാധിക്കും.
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കും വാക്സിൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര പ്രതിരോധ ശക്തിയെ കുറിച്ച് രോഗബാധിതനായ വ്യക്തിക്ക് കൃത്യമായി അറിയണമെന്നില്ല. വൈറസ് ബാധ നേരിയ തോതിലാണ് ഉണ്ടായതെങ്കിൽ അവരുടെ പ്രതിരോധശേഷിയും കുറവായിരിക്കും. അതുകൊണ്ട് അവർക്ക് വാക്സിൻ നൽകുകയാണെങ്കിൽ അത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും രൺദീപ് പറഞ്ഞു.