പോത്തൻകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ. മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനെയാണ് (65) പോക്സോ കേസ് ചുമത്തി മംഗലപുരം പൊലീസ് അറസ്റ്റുചെയ്തത്. ഒമ്പതും ആറും വയസുള്ള സഹോദരിമാരാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇവരുടെ അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയുടെ കൂടെ വാടക വീട്ടിലാണ് കുട്ടികൾ താമസിക്കുന്നത്. അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. വാടകവീട്ടിൽ നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ നാല് മാസത്തോളമായി പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾ അയൽവാസികളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. അയൽവാസികൾ വീട്ടുടമസ്ഥനോട് ഇക്കാര്യം പറയുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പൊലീസിന് കൈമാറി. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.