ലണ്ടൻ: രാജ്യത്ത് കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കുമെന്നതിന് പ്രാഥമിക തെളിവുകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വളരെ പെട്ടെന്ന് പടരുമെന്നതിന് പുറമേ മരണ നിരക്കുമായി ബന്ധമുണ്ടെന്നും, ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. പ്രതിദിനം മുപ്പതിനായിരത്തിലധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1401 പേർ മരിച്ചു. ഇതോടെ ആകെ മരണം 95,981 ആയി ഉയർന്നു.
രാജ്യത്ത് രോഗ വ്യാപനം മോശമാകുന്നതിൽ വകഭേദം വന്ന വൈറസിനെ കുറ്റപ്പെടുത്തുകയാണ് ബോറിസ് ജോൺസൺ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണസംഖ്യ 16 ശതമാനമാണ് ഉയർന്നത്.കഴിഞ്ഞ സെപ്തംബറിൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലാണ് കൊവിഡിന്റെ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അറുപതിലധികം രാജ്യങ്ങളിൽ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസിന്റെ വകഭേദം ചില പ്രായക്കാർക്ക് 30 മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലൻസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.