ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭങ്ങളായ മൊണാർക്ക് ശലഭങ്ങളിലെ ഒരു വിഭാഗമായ വെസ്റ്റേൺ മോണാർക്ക് ശലഭങ്ങൾ വംശനാശത്തോടടുത്തതായി ഗവേഷകർ. പടിഞ്ഞാറൻ റോക്കി മലകളിൽ നിന്ന് ശൈത്യകാലത്ത് തെക്കൻ കലിഫോർണിയൻ തീരത്തേക്ക് ദേശാടനം നടത്തുന്ന വെസ്റ്റേൺ മൊണാർക്കുകളുടെ എണ്ണം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതാണ് കാരണം.
പരിസ്ഥിതി സംഘടനയായ ക്സെർസെസ് സൊസൈറ്റിയുടെ വാർഷിക കണക്ക് പ്രകാരം വെസ്റ്റേൺ മോണാർക്കുകളുടെ എണ്ണം വെറും 2,000ത്തിന് താഴെ എത്തിയിരിക്കുകയാണ്. 1980കളിൽ ദശലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം കഴിഞ്ഞ കുറേ വർഷങ്ങളായി ആശങ്കാജനകമാം വിധം കുറയുകയാണ്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന മൊണാർക്കുകൾ നടത്തുന്ന ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൈർഘ്യമുള്ള ദേശാടനം ശാസ്ത്രലോകത്തിന് കൗതുകമാണ്.
വെസ്റ്റേൺ മൊണാർക്കുകൾക്ക് പുറമേ ഈസ്റ്റേൺ മൊണാർക്ക് എന്ന ഒരു വിഭാഗവുമുണ്ട്. ഇവ ശൈത്യകാലത്ത്, റോക്കി മലനിരകളുടെ കിഴക്കൻ മേഖലകളിൽ നിന്ന് കാനഡയിലേക്കും മദ്ധ്യ മെക്സിക്കോയിലേക്കും ദേശാടനം നടത്തുന്നു. കിഴക്കൻ യു.എസിൽ മാത്രം മൊണാർക്കുകളുടെ എണ്ണത്തിൽ 1990കൾ മുതൽ 80 ശതമാനം കുറവ് വന്നിട്ടുണ്ട്.
പസഫിക് തീരത്ത് വെസ്റ്റേൺ മൊണാർക്കുകളെത്താറുള്ള ഇടങ്ങളിലൊന്നും കഴിഞ്ഞ ശൈത്യകാലത്ത് അവയെ കാണാൻ തന്നെ പ്രയാസമായിരുന്നു. മൊണാർക്ക് ശലഭങ്ങളുടെ പ്രധാന വാസസ്ഥലമായ മിൽക്ക്വീഡ് ചെടികൾ അപ്രത്യക്ഷമാകുന്നതും കാലാവസ്ഥാ വ്യതിയാനവും കീടനാശിനികളുടെ ഉപയോഗവുമൊക്കെയാണ് വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്ന ഘടകങ്ങൾ.