ടൊവിനോ തോമസിനെ നായകനാക്കി രോഹിത്.വി.എസ് സംവിധാനം ചെയ്യുന്ന 'കള' സിനിമയുടെ ടീസർ എത്തി. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഒരു മിനിട്ടിനടുത്ത് ദൈർഘ്യമുള്ള ടീസറിൽ സിനിമയിലെ ധാരാളം കഥാപാത്രങ്ങൾ എത്തുന്നുണ്ട്. ഭാര്യയും അച്ഛനും കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രമായിരിക്കും കള എന്നാണ് ടീസർ നൽകുന്ന സൂചന. ലാൽ, ദിവ്യ പിള്ള, ആരിഷ്, 18ാം പടി ഫെയിം നൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേരത്തെ കളയുടെ ചിത്രീകരണ വേളയിലാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങൾ ചെയ്യുന്നതിനിടെ വയറിൽ പരിക്കേൽക്കുകയായിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് കള. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. ടൊവിനോ തോമസ്, രോഹിത് വി.എസ്, അഖിൽ ജോർജ് എന്നിവരാണ് സഹനിർമ്മാതാക്കൾ. അഖിൽ ജോർജ് ഛായാഗ്രഹണവും ചാമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്
സിനിമാ നിർമ്മാണകമ്പനി പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. തന്റെ ഫേസ് ബുക്ക് പേജിലൂടെ പിറന്നാൾ ദിനത്തിലാണ് ടൊവിനോ നിർമ്മാണ കമ്പനിയുടെ പേര് പങ്കുവച്ചത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. "കലാമൂല്യമുള്ളതും ഇൻഡസ്ട്രിയുടെ വില വർദ്ധിപ്പിക്കുന്നതുമായ സിനിമകൾ നിർമ്മിക്കുവാനാണ് ഞങ്ങളുടെ ഈ ശ്രമം. ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാൻ കാണുന്നു. നിങ്ങൾ സ്നേഹിക്കുന്ന പടങ്ങൾ നിർമ്മിക്കും. നിങ്ങൾ നൽകുന്ന സ്നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല..." ടൊവിനോ കുറിച്ചു. ആഷിക് അബു സംവിധാനം ചെയ്യുന്ന 'നാരദനാണ്' ടൊവിനോയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ടൊവിനോയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദൻ. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.