ന്യൂഡൽഹി : ലോകത്തിന്റെ ഫാർമസിയായ ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്സിന് വേണ്ടി 92 രാജ്യങ്ങൾ സമീപിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അയൽരാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഉത്പാദിപ്പിച്ച് കൊവിഡ് വാക്സിനുകൾ കഴിഞ്ഞ ദിവസം മുതൽ കയറ്റി അയച്ചുതുടങ്ങി. കൊവിഡ് വാക്്സിൻ മറ്റു രാജ്യങ്ങൾക്കും ലഭ്യമാക്കിയ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസും നന്ദി അറിയിച്ചിരുന്നു. കൊവിഡ് വാക്സിനായി ആദ്യം ഇന്ത്യയെ സമീപിച്ചത് ബ്രസീൽ ആയിരുന്നു. ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ വാക്സിന് വേണ്ടി വിമാനം അയച്ചിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ കൊവിഡ് വാക്സീൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനു പിന്നാലെ രണ്ട് ദശലക്ഷം വാക്സീൻ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യ ബ്രസീലിലേക്കു അയച്ചത്. യുകെ മരുന്നു നിർമാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സീനാണ് കയറ്റി അയച്ചത്. വാക്സിൻ ബ്രസീലിൽ എത്തിയതിന് പിന്നിലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം ബോൾസോനാരോ ഉൾപ്പെടുത്തിയതാണ് ട്വീറ്റിനെ ശ്രദ്ധേയമാക്കിയത്.
ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിൽ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബോൾസോനാരോ കുറിച്ചു. ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാൻ 'നമസ്കാർ' നന്ദി പറയാൻ 'ധന്യവാദ്' തുടങ്ങിയ പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്വീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ മറുപടിയായി ഉൾപ്പെടുത്തുകയും ചെയ്തു.
The honour is ours, President @jairbolsonaro to be a trusted partner of Brazil in fighting the Covid-19 pandemic together. We will continue to strengthen our cooperation on healthcare. https://t.co/0iHTO05PoM
കൊവിഡ് പ്രതിരോധത്തിൽ ബ്രസീലിനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ബോൾസോനാരോയ്ക്കു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മോദി ട്വീറ്റ് ചെയ്തു.