ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ 100 കിലോമീറ്റർ ട്രാക്ടർ റാലി നടത്തും. രണ്ടു ലക്ഷത്തോളം ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. റാലി നടത്താൻ കർഷകർക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ കർഷകർ തങ്ങൾക്ക് രേഖാമൂലം റൂട്ട് നൽകിയിട്ടില്ലെന്നും, അത് ലഭിച്ചു കഴിഞ്ഞാൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
റിപബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുക. സിംഘു, ടിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. എന്നാല്‍ റൂട്ട് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ പ്രവർത്തകർ തങ്ങൾക്കുണ്ടെന്നും, ട്രാക്ടര്‍ റാലിക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അവർ സഹായിക്കുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.
'സമാധാനപരമായി റാലി നടത്തുക എന്നത് സന്നദ്ധപ്രവർത്തകരുടെ ഉത്തരവാദിത്തമാണ്.ഓരോ സന്നദ്ധ പ്രവർത്തകനും ബാഡ്ജ്, ജാക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. ട്രാക്ടറുകളെ ജീപ്പുകളിൽ അവർ പിന്തുടരും. ആവശ്യമെങ്കിൽ അവരിൽ കുറച്ചുപേർ കർഷകർക്കൊപ്പം ട്രാക്ടറുകളിൽ കയറും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും അവാരയിരിക്കും. 40 ആംബുലൻസുകൾ വഴികളിൽ സജ്ജീകരിക്കും'- കർഷക നേതാക്കൾ പറഞ്ഞു.
ഡൽഹിയ്ക്ക് പുറത്ത് ട്രാക്ടർ റാലി നടത്താൻ അനുവദിക്കാമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി കഴിഞ്ഞദിവസം പൊലീസ് വീണ്ടും കർഷകരുമായി ചർച്ച നടത്തിയത്.