ആകെ വാക്സിൻ സ്വീകരിച്ചത് 6,440
തൃശൂർ: തിങ്കളാഴ്ച 19 കേന്ദ്രങ്ങളിലായി നടന്ന വാക്സിൻ വിതരണത്തിൽ 2,124 പേർ വാക്സിൻ സ്വീകരിച്ചു. ഗവ. മെഡിക്കൽ കോളേജ് 131, അമല മെഡിക്കൽ കോളേജ് 216, വൈദ്യരത്നം ആയുർവേദ കോളേജ് 89, തൃശൂർ ജനറൽ ആശുപത്രി 83, ദയ ആശുപത്രി 118, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രി 152, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 94, ചാവക്കാട് താലൂക്ക് ആശുപത്രി 108, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 204, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 119, ചാലക്കുടി താലൂക്ക് ആശുപത്രി 147, കുന്നംകുളം താലൂക്ക് ആശുപത്രി 91, ചേലക്കര താലൂക്ക് ആശുപത്രി 82, വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം 83, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം 66, ആലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം 100, വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം 67, മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം 78, വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രം 96 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ.
301 പേർക്ക് കൊവിഡ്
തൃശൂർ: 222 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 301 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,079 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,820 ആണ്. 79,181 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി.
ഹണിപാർക്കിൽ ജോലി നൽകാമെന്ന് വാഗ്ദാനം
നൽകുന്നവർക്കെതിരെ കർശന നടപടിയെന്ന്
കണ്ണാറ: കണ്ണാറയിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബനാന ആൻഡ് ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതായി അറിയാൻ കഴിഞ്ഞതായി ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു.
ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഗ്രോപാർക്ക് സന്ദർശിക്കാനെത്തിയ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. സർക്കാർ മാനദണ്ഡം പാലിച്ചു മാത്രമേ ഇവിടെ നിയമനങ്ങൾ നടത്തൂ എന്നും മറിച്ച് ഹണി പാർക്കിൽ ജോലി വാഗ്ദാനം നൽകുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായി നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറയുന്നതെന്നും മന്ത്രി പറഞ്ഞു.