ആർ.എം.പി-യു.ഡി.എഫ് കൂട്ടുകെട്ട് നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടുമോയെന്നാണ് വടകരക്കാരുടെ പ്രധാന രാഷ്ട്രീയ ചോദ്യം. ആർ.എം.പിയുമായി ചേർന്ന് രൂപീകരിച്ചിരുന്ന ജനകീയ മുന്നണി കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് ഒരു അവസരമായാണ് വിലയിരുത്തപ്പെടുന്നത്. കല്ലാമല ഡിവിഷന്റെ പേരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട വിവാദം വടകര സീറ്റിന്റെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമോ എന്ന ആശങ്ക ചില കോൺഗ്രസ് നേതാക്കളിലുണ്ട്. ഇവിടെയാണ് ആർ.എം.പി സമ്മർദ്ദം ശക്തമാക്കുന്നത്. വടകര സീറ്റിൽ എന്തുവന്നാലും തങ്ങൾ മത്സരിക്കുമെന്ന് ആർ.എം.പി പ്രഖ്യാപിച്ചുകഴിഞ്ഞു. ആർ.എം.പിയെ കൂടെ നിർത്തിയാൽ ലാഭമുണ്ടാകുമെന്നാണ് മുസ്ലിം ലീഗ് നിലപാട്.
വടകര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് ആർ.എം.പിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. യു.ഡി.എഫുമായി നിലനിന്നിരുന്ന ജനകീയ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാൻ ആർ.എം.പിക്ക് താത്പര്യമുണ്ട്. എന്നാൽ ഈ ആവശ്യവുമായി കോൺഗ്രസിന് പിന്നാലെ പോകാൻ അവർ തയ്യാറല്ല.
തദ്ദേശ തിരഞ്ഞെടുപ്പില് ജനകീയ മുന്നണി പരീക്ഷണം യു.ഡി.എഫിനും ആർ.എം.പിക്കും നേട്ടമായിരുന്നു. ചോറോട് ഒഴികെയുളള പഞ്ചായത്തുകളിൽ മുന്നണി അധികാരത്തിലെത്തി. എന്നാൽ, ഇതേ നീക്കം നിയമസഭാ തിരഞ്ഞെടുപ്പിലും നടത്തിയാൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ യു.ഡി.എഫിനൊപ്പം നിലനിർത്താമെന്ന് മുസ്ലിം ലീഗ് മനസിലാക്കുന്നു. എന്നാൽ എൽ.ജെ.ഡി കൈവശം വച്ചിരുന്ന വടകര സീറ്റ് കോൺഗ്രസിന് കിട്ടണമെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. വടകര നിയമസഭാ സീറ്റ് ആർ.എം.പിക്ക് നൽകാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ചില അസ്വാരസ്യം നിലനിൽക്കുന്നതാണ് സഖ്യസാദ്ധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നത്.
വടകര സീറ്റിൽ ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ രമയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. യു.ഡി.എഫ് പിന്തുണച്ചില്ലെങ്കിലും തങ്ങൾ മത്സരിക്കുമെന്ന് അവർ പറയുന്നു. വടകരയിൽ യു.ഡി.എഫ് പിന്തുണച്ചില്ലെങ്കിൽ ജില്ലയിലെ സ്വാധീനമുളള മറ്റ് അഞ്ച് മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആർ.എം.പി നേതൃത്വം വ്യക്തമാക്കുന്നു.
കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് എന്നീ മണ്ഡലങ്ങളിലെല്ലാം തങ്ങൾക്ക് കേഡർ വോട്ടുണ്ടെന്ന് ആർ.എം.പി പറയുന്നു. വടകരയിൽ യു.ഡി.എഫ് പിന്തുണ തന്നാൽ ഇവിടെ വോട്ടുകൾ നൽകും. അല്ലെങ്കിൽ ആറ് മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനാണ് ആർ.എം.പിയുടെ തീരുമാനം. ആർ.എം.പിയുമായി സഖ്യം വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.
2016ൽ യു.ഡി.എഫ് കുറ്റ്യാടി പിടിച്ചത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുളള ജയിക്കാൻ കാരണം ആർ.എം.പിയുടെ സഹായം ലഭിച്ചതിനാലാണ്. വടകര ആർ.എം.പിക്ക് വിട്ടുകൊടുത്ത് മറ്റിടങ്ങളിൽ ധാരണയുണ്ടാക്കാമെന്നാണ് ലീഗ് നിലപാട്. പാറക്കൽ അബ്ദുളള ഈ നീക്കത്തിന് മദ്ധ്യസ്ഥ റോൾ വഹിക്കുന്നത്.