തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും. ഈ തീരുമാനത്തിന് ഇളവുണ്ടാകില്ലെന്നും ആരെയും മാറ്റിനിർത്താനല്ല ഇങ്ങനെ തീരുമാനിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മത്സരത്തിലെ ജയസാദ്ധ്യത ആപേക്ഷികമാണെന്നും അത്തരം കാര്യങ്ങൾ സ്ഥാനാർത്ഥി നിർണയ തീരുമാനത്തിന് ബാധകമല്ലെന്നും കാനം വ്യക്തമാക്കി. മത്സരിക്കുന്നവരിൽ സംഘടനാ ചുമതലയുളളവർ പാർട്ടിസ്ഥാനം ഒഴിയണം. ഇടത് മുന്നണിയിൽ പുതിയ കക്ഷികൾ വന്നതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്ര സീറ്റുകൾ ഇത്തവണ ലഭിക്കാനിടയില്ലെന്നും പരമാവധി വിട്ടുവീഴ്ച ചെയ്യാനും സംസ്ഥാന കൗൺസിലിൽ തീരുമാനമായതായി കാനം അറിയിച്ചു.
മാണി സി കാപ്പൻ വിഷയത്തിൽ എൻസിപി ഇടത്മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐയിൽ മത്സരിച്ച് വിജയിച്ച 17 ൽ ആറുപേർ മൂന്ന് തവണ മത്സരിച്ചവരാണ്. ഇതിൽ മൂന്നുപേർ മന്ത്രിമാരാണ്. വി.എസ് സുനിൽകുമാർ(തൃശൂർ), പി.തിലോത്തമൻ (ചേർത്തല), കെ.രാജു(പത്തനാപുരം) എന്നിവരാണത്. നിലവിലെ തീരുമാനപ്രകാരം മന്ത്രി ഇ.ചന്ദ്രശേഖരന് മാത്രമേ മത്സരിക്കാനാകൂ. കാഞ്ഞങ്ങാട് നിന്നും അദ്ദേഹം ജനവിധി തേടും. എംഎൽഎമാരിൽ മുല്ലക്കര രത്നാകരൻ(ചടയമംഗലം), സി.ദിവാകരൻ(നെടുമങ്ങാട്), ഇ.എസ് ബിജിമോൾ( പീരുമേട്) എന്നിവർക്കും ഇത്തവണ മത്സരിക്കാനാകില്ല. എംഎൽഎമാരിൽ രണ്ട് ടേം പൂർത്തിയാക്കിയത് ഡെപ്യൂട്ടി സ്പീക്കർ വി.ശശി(ചിറയിൻകീഴ്), ജി.എസ് ജയലാൽ (ചാത്തന്നൂർ), ഇ.കെ വിജയൻ(നാദാപുരം) എന്നിവരാണ്. ഇവരിൽ ആരെയെങ്കിലും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നുണ്ട്.