കാസർകോട്: വികസന കുതിപ്പിന് നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ചങ്ങാത്തം കൂടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ആരോപിച്ചു. വികസന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് കാസർകോട് പ്രസ് ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട പി.എസ്.സി ലിസ്റ്റിലുള്ളവരെക്കൊണ്ട് പ്രതിപക്ഷം സർക്കാരിനെതിരെ സമരം ചെയ്യിപ്പിക്കുകയാണ്. തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെ സമരത്തിനിറക്കിയത്. മറ്റൊരു ജനകീയ പ്രശ്നങ്ങളുമില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം ഉദ്യോഗാർത്ഥികളെക്കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത്.
എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇല്ലാതാക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. കേരള ബാങ്ക് മോഡൽ സംവിധാനം രാജ്യത്ത് തന്നെ മറ്റൊരു സംസ്ഥാനവും നടപ്പിലാക്കിയിട്ടില്ല.
പൂർണമായി കേരളത്തിന് നിരാശയുണ്ടാക്കുന്ന നിലപാടാണ് പ്രതിപക്ഷം പറയുന്നത്. നാടിന്റെ താത്പര്യമനുസരിച്ച് പ്രതിപക്ഷം നിലപാടെടുക്കണം. കേന്ദ്രത്തിന്റെ തീവ്ര സ്വകാര്യവത്കരണ നയത്താൽ കേരളത്തിനുണ്ടാകുന്ന പരിമിതികളെ ചോദ്യം ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. പെട്രോൾ ഡീസൽ വിലവർധനവിലും ബി.ജെ.പിക്ക് പരോക്ഷ പിന്തുണയാണ് യു.ഡി.എഫ് നൽകുന്നത്.
ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുക എന്നതാണ് യു.ഡി.എഫിന്റെ സമീപനമെന്നും എ. വിജയരാഘവൻ ആരോപിച്ചു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജാഥ ഇന്നലെ വൈകിട്ട് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.