മുംബയ്: ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു.പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതു മുതലാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ തുടങ്ങിയത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൂനെ ഭരണകൂടം കർശന നടപടികളിലേക്ക് കടന്നു.
രാത്രി 11 മുതൽ രാവിലെ 6 വരെയുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.സ്കൂളുകളും കോളേജുകളും അടച്ചു. നാഗ്പുർ, അകോല, അമരാവതി, യവത്മൽ, മുംബയ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. അമരാവതി ജില്ലയിൽ ഇന്ന് രാത്രി 8 മണി മുതൽ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടുമെന്നു്അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,09,91,651 ആയി ഉയർന്നു. നിലവിൽ 1,45,634 സജീവ കേസുകളുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ കേസുകളുടെ എണ്ണത്തിൽ വർദ്ധവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും പ്രതിദിന കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.