കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം പറയുമ്പോഴും കോട്ടയം ജില്ലയിൽ പിന്നാക്ക വിഭാഗങ്ങളെ എങ്ങനെയും "വെട്ടി നിരത്താനുള്ള " കളികളിലാണ് നേതൃത്വം.
ഒറ്റ സമുദായമെന്ന നിലയിൽ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും ഈഴവ വിഭാഗത്തിനാണ് മുൻ തൂക്കം. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിപരിഗണനയിൽ ഇതു വരെ ആരും ഇടം പിടിച്ചിട്ടില്ല. " ശരിയാക്കാം" എന്ന ഉറപ്പു മാത്രമാണ് ഈഴവ വിഭാഗത്തിൽ പെട്ടവർക്ക് നേതാക്കൾ നൽകിയിട്ടുള്ളത്. തങ്ങളെ ശരിയാക്കാനുള്ള കളികളാണ് മറ്റുള്ളവർ നടത്തുന്നതെന്നാണ് വർഷങ്ങളായി സജീവ പാർട്ടി പ്രവർത്തനം നടത്തുന്നവരുടെ പ്രധാന പരാതി.
കോൺഗ്രസിന് ലഭിച്ച പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമാകും മത്സരിക്കുക. വൈക്കം എസ്.സി, എസ്.ടി സംവരണ സീറ്റാണ്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ആറ് സീറ്റിൽ പാലായിൽ മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയതോടെ കാഞ്ഞിരപ്പള്ളി , കടുത്തുരുത്തി, പൂഞ്ഞാർ , ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റു വേണമെന്ന കടുത്ത നിലപാടിലാണ് കേരളകോൺഗ്രസ് ജോസഫ് വിഭാഗം. അഞ്ചിൽ ഒരു സീറ്റ് കോൺഗ്രസിന് വിട്ടു കൊടുക്കാമെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫിനു പുറമേ മറ്റു മൂന്നു സീറ്റിലേക്കും ക്രൈസ്തവ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികൾ വരും. ചങ്ങനാശേരി , ഏറ്റുമാനൂർ സീറ്റുകളിലൊന്ന് കോൺഗ്രസിനു നൽകാമെന്ന് പറയുന്ന ജോസഫ് വിഭാഗം രണ്ടിടത്തും തങ്ങളുടെ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നുമുണ്ട്.
ചങ്ങനാശേരി സീറ്റ് ലഭിച്ചാൽ ഇരിക്കൂർ വിട്ടു വരുന്ന മുൻ മന്ത്രി കെ.സി. ജോസഫ്, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് കോൺഗ്രസ് ലിസ്റ്റിൽ. കുമരകം, തിരുവാർപ്പ് , അയ്മനം, നീണ്ടൂർ, ആർപ്പുക്കര തുടങ്ങി ഈഴവ ഭൂരിപക്ഷ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഏറ്റുമാനൂർ കോൺഗ്രസിനു കിട്ടിയാൽ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജി . ഗോപകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് തുടങ്ങിയവർ ലിസ്റ്റിലുണ്ട്.
കഴിഞ്ഞ തവണയും തഴഞ്ഞു
ഒമ്പതു നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ ഈഴവ വിഭാഗം പ്രഥമ പരിഗണനയിൽ വന്നിട്ടില്ലെന്നാണറിയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മതിയായ പരിഗണന നൽകിയില്ല. കേരളകൗമുദിയുടെ ഇടപെടലിനെ തുടർന്നായിരുന്നു ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ പ്രാതിനിധ്യം നൽകിയത്.