തൃശൂർ: കിക്ക് ചെയ്യാനുള്ള അസാമാന്യ കഴിവും തികവും കൊണ്ട് ഇന്ത്യൻ വുഷു ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരത്തിന്റെ കൈക്കരുത്ത് ഇനി ഇന്റർനാഷണൽ ഗെയിംസ് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കാണാം. നാട്ടിക സ്വദേശി അനിയൻ മിഥുൻ (28) ആണ് മാർച്ച് 30, 31 തീയതികളിൽ നേപ്പാളിൽ നടക്കുന്ന മത്സരത്തിൽ 70 കിലോ കാറ്റഗറിയിൽ ഇന്ത്യൻ ജഴ്സി അണിയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിലെ പ്രകടനമാണ് മിഥുന് ഇന്ത്യൻ ടീമിലേക്കുള്ള വഴി അനായാസമാക്കിയത്.
ജമ്മു കശ്മീരിലെ പത്തോളം പേരടങ്ങുന്ന ഇന്ത്യൻ ക്യാമ്പിലെത്തിയ മിഥുൻ അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് ഹാഢുവിന്റെ കീഴിൽ ലോകോത്തര വേദികളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കരാത്തെയിലൂടെ ആയോധനകലാ രംഗത്തെത്തുന്നത്. പിന്നീട് ബോക്സിംഗിലായി കമ്പം. കഴിവ് തിരിച്ചറിഞ്ഞ പരിശീലകൻ വുഷു പഠിക്കാൻ പറഞ്ഞു. തൃശൂരിലെ അനീഷും തിരുവനന്തപുരത്തുളള ജോഷിയും ഗുരുക്കൻമാരായി. തൃശൂർ സ്പോർട്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കിക്ക് ബോക്സിംഗിൽ ബ്ലാക്ക് ബെൽറ്റ് നേടി. ജന്മനാട്ടിൽ വുഷു പരിശീലകനായി. ഇപ്പോൾ എഴുപതോളം ശിഷ്യരുണ്ട്.
താരങ്ങളുടെ മെയ് വഴക്കം കാത്ത്...
ചലച്ചിത്ര താരങ്ങളായ അമിത് ചക്കാലയ്ക്കൽ, റോഷൻ ബഷീർ, ഷഫ്ന നിസാം തുടങ്ങിയവർക്ക് ഫിറ്റ്നസ് ട്രെയിനിംഗ്, ആയോധനകല അഭ്യാസം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. സംസ്ഥാനതല വുഷു മത്സരങ്ങൾ നിയന്ത്രിക്കുന്ന അംഗീകൃത കോച്ചുമാണ്. അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നും മൾട്ടി മീഡിയയിൽ ബിരുദം സ്വന്തമാക്കി മുഴുവൻ സമയ പരിശീലനത്തിലേക്ക് നീങ്ങിയപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ തടസമായി. സിനിമാ സുഹൃത്തുക്കളും തൃശൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന വൈ നോട്ട് എന്ന ഐ.ടി കമ്പനിയുമാണ് മിഥുന് തുണയായത്. നായരുശ്ശേരി മോഹൻ - പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഫിസിയോതെറാപ്പിസ്റ്റ് ഗോപിക സഹോദരിയാണ്.
വുഷു ഈസിയല്ല
വുഷു അഥവാ ചൈനീസ് കുംഗ്ഫു കഠിനവും മൃദുവും സമ്പൂർണവുമായ ആയോധനകലയാണ്. നിരവധി ശൈലികളാൽ അവതരിപ്പിക്കപ്പെടുന്ന ഈ ആയോധനകലയിൽ കൈകൾ ഉപയോഗിച്ചും, വാൾ, കുന്തം, ഗാഡ്ജെറ്റ് എന്നിവയും ആയുധങ്ങളായി ഉപയോഗിക്കുന്നുണ്ട്. രണ്ടോ അതിലേറെയോ പേർ ചേർന്നാണ് വുഷു കളിക്കുന്നത്. മുഷ്ടി ഉപയോഗിച്ചും കാൽ കൊണ്ട് തൊഴിച്ചുമാണ് എതിരാളിയെ വീഴ്ത്തുന്നത്.