കൊല്ലം: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ടിപ്പർ അനിയെന്ന് വിളിക്കുന്ന തിരുവനന്തപുരം ശ്രീകാര്യം മുക്കിൽക്കട വി.എസ് നിവാസിൽ അനീഷിനെയാണ് (30) കൊല്ലം റൂറൽ എസ്.പി നിയോഗിച്ച ഷാഡോ ടീം പാലക്കാട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 8ന് പുലർച്ചെ ഒന്നരയോടെയാണ് അനീഷ് വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. കോട്ടാരക്കരയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോകാൻ പുലർച്ചെ ബസ് കിട്ടാത്തതിനാലാണ് മോഷ്ടിച്ച് കൊണ്ടുപോയതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു.
റൂറൽ പൊലീസിന്റെ ഹൈടെക് കമാൻഡിംഗ് സെന്ററിന്റെ നൂറ്റൻപത് മീറ്റർ പരിധിയിൽ നിന്ന് ബസ് മോഷ്ടിച്ചിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു.
കെ.എൻ.എസ് ജംഗ്ഷനിലെ ഒരു ബേക്കറിയിലെ സി.സി ടി.വി ദൃശ്യത്തിലാണ് ബസ് കൊണ്ടുപോകുന്നത് കണ്ടെത്താനായത്. തുടർന്ന് ടവർ ലൊക്കേഷനിലുള്ള ഒന്നര ലക്ഷത്തിലധികം മൊബൈൽ നമ്പരുകൾ പരിശോധിച്ചു. ഷാഡോ പൊലീസിന്റെ ഊർജ്ജിത അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. സ്വകാര്യ ബസ്, ടിപ്പർ ലോറികൾ, ജീപ്പുകൾ എന്നിവ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തിയിട്ടുള്ളതായി അനീഷ് പൊലീസിനോട് സമ്മതിച്ചു.
മോഷ്ടിച്ച വാഹനം പൊളിച്ച് വിൽക്കും
ടിപ്പർ ലോറി ഡ്രൈവറായ അനീഷ് ഇടയ്ക്ക് ജെ.സി.ബി ഡ്രൈവറായും ജോലി ചെയ്തിരുന്നു. അഞ്ചുവർഷം മുൻപാണ് ടിപ്പർ ലോറി ആദ്യമായി മോഷ്ടിച്ചത്. ഇത് പാർട്സുകളാക്കി വിറ്റു. പിന്നീട് മോഷണം ഹരമാക്കി. വിൽപ്പന നടത്തിയാൽ പണവുമായി യാത്ര ചെയ്യുകയാണ് രീതി.
മോഷണത്തിന് മുൻപ് കൊട്ടാരക്കരയിൽ രണ്ടുദിവസം തങ്ങിയിരുന്നു. ആറ്റിങ്ങൽ സ്വദേശിയായ സുഹൃത്ത് ഫോണിൽ വിളിച്ച പ്രകാരം രാത്രി പോകാനിറങ്ങിയെങ്കിലും ബസ് കിട്ടിയില്ല. ഇതോടെ സ്റ്റാൻഡിന് സമീപത്ത് കിടന്ന ബസ് സ്റ്റാർട്ട് ചെയ്ത് പോവുകയായിരുന്നു. പാരിപ്പള്ളിയിൽ റോഡരികിൽ ബസ് പാർക്ക് ചെയ്തശേഷം അതുവഴി വന്ന ബസിൽ ആറ്റിങ്ങലിൽ പോയി.
ഇതിനിടെ ബസ് മോഷ്ടിച്ച വിവരം പുറത്തായതോടെ അനീഷ് പാലക്കാട്ടേക്ക് മുങ്ങി. അവിടെ സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിയുമ്പോഴാണ് ഷാഡോ പൊലീസ് പിടികൂടിയത്.