ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. ഇന്നലെ രാത്രി മലബാർ മേഖലയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ്ണ കള്ളക്കടത്ത് നടത്തുന്ന സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇതോടെ വ്യക്തമായി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മാന്നാർ കൊരട്ടികാട് സ്വദേശിനി ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കോളുകളും മറ്റും നിരീക്ഷിച്ചാണ് ഫഹദിനെ പൊലീസ് പിടികൂടിയത്.
കീഴടങ്ങിയത് വ്യാജപ്രതികൾ?
അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങളെന്ന് അവകാശപ്പെട്ട് ഇന്നലെ പറവൂരിൽ നിന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങിയ നാലുപേരെ വ്യാജ പ്രതികളെന്ന് സംശയിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ പ്രധാനിയായ കൊടുവള്ളി സ്വദേശിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നാലംഗ സംഘത്തിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു. ഫഹദ് പിടിയിലായതോടെ സ്വർണകള്ളക്കടത്തിനെ സംബന്ധിച്ചും യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറായിരുന്ന ബിന്ദുവിനെ ഏതാനും ദിവസം മുമ്പാണ് വീടാക്രമിച്ച
ശേഷം ഗുണ്ടാ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. പരിക്കേറ്റ ബിന്ദു ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്ന് കരുതുന്ന ബിന്ദുവിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഒന്നര കിലോ സ്വർണ്ണം ഉപേക്ഷിച്ചുവെന്ന് ബിന്ദു
ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വർണം കണ്ടെടുക്കാൻ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നിൽക്കുന്നു. ബിന്ദുവിന് മറ്റേതെങ്കിലും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും സംശയം ഉയർന്നിരിക്കുന്നത്. സ്വർണം മറ്റേതെങ്കിലും സംഘത്തിന് കൈമാറിയോയെന്നും അന്വേഷിക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത്-ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചു കൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തട്ടിക്കൊണ്ടുപോയ നാലംഗസംഘത്തിൽ പീറ്റർ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, യുവതിയുടെ വീട് കാട്ടി കൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തിരുന്നുവെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഇയാളിൽ നിന്ന് ലഭ്യമായ വിവരങ്ങളെ തുടർന്ന് ഗുണ്ടാ സംഘത്തിലെ ചിലർക്കായുള്ള തിരച്ചിൽ തുടർന്നുവരികയാണ്.
മലബാർ മേഖലയിലുള്ള സ്വർണക്കടത്ത് സംഘങ്ങളിലേക്കും ആലപ്പുഴയും എറണാകുളവും കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെ അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു, പിന്നീട് ഒാട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെങ്ങന്നൂരിലെത്തിക്കുകയായിരുന്നു. ആലപ്പുഴ എസ്.പി ജയനാഥിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം.