തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിൽ കൂടുതൽ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മാണ അറിയിച്ചു. വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും, മിൽമ, റെയിൽവെ ജീവനക്കാർക്കും ഇത്തവണ പോസ്റ്റൽ വോട്ട് അനുവദിക്കും. കൊവിഡ് മാനദണ്ഡമനുസരിച്ച് കൊട്ടിക്കലാശമാകാമെന്നും ഇതിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ അനുവദിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്ക് മാത്രമേ പോസ്റ്റൽ വോട്ട് ചെയ്യാനാകൂ. ഇതിനായി 12-ഡി ഫോം പൂരിപ്പിച്ച് നൽകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മാണ പറഞ്ഞു. ഇത്തവണ പോസ്റ്റൽ വോട്ടിന് വീഡിയോഗ്രാഫ് നിർബന്ധമാക്കും. കളളവോട്ടിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്താൽ ഇവർക്കെതിരെ കേസെടുക്കും അവരെ സസ്പെൻഡ് ചെയ്യും.തിരഞ്ഞെടുപ്പ് ജോലിയിലേർപ്പെട്ട ഉദ്യോഗസ്ഥരെ അതിന് ശേഷവും കമ്മീഷൻ സംരക്ഷിക്കും. ഇവർക്ക് അപകടമുണ്ടാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ടീക്കാറാം മീണ പറഞ്ഞു.