തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് പി സി ജോർജ് അണിയിച്ച ഷാൾ നേതാക്കൾ മടക്കി നൽകുന്നു. ജോർജന്റെ എൻ ഡി എ പ്രവേശനം ഉറപ്പാവുകയും ഉമ്മൻ ചാണ്ടിക്കെതിരെ പരാമർശം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളിയും എൻ എസ് നുസൂറും ജോർജിന്റെ ഷാൾ സ്വീകരിച്ചപ്പോൾ മറ്റൊരു വൈസ് പ്രസിഡന്റായ റിജിൽ മാക്കുറ്റി ഷാൾ സ്വീകരിക്കാത്തത് സോഷ്യൽ മീഡിയയിലടക്കം ചർച്ച ആയിരുന്നു. ഇതിനു വിശദീകരണവുമായി ഇന്ന് റിയാസ് മുക്കോളി രംഗത്തെത്തിയിട്ടുമുണ്ട്.
പി സി ജോർജിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുളള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുളളൂവെന്ന് റിയാസ് മുക്കോളി ഫേസ്ബുക്കിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിലെ മാലിന്യമാണ് ജോർജെന്നും ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും റിയാസ് മുക്കോളി കുറ്റപ്പെടുത്തുന്നു. പി സി ജോർജ് അണിയിച്ച പൊന്നാട ജോർജിന്റെ കോലത്തിൽ തന്നെയിട്ട് അത് കത്തിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക് സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു, പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു. വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങൾ സ്വീകരിച്ചത്... അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു. അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്. ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ് ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് ആദിത്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്. അയാൾ ഞങ്ങളെ അണിയിച്ച പൊന്നാട PC ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച് അത് കത്തിക്കുന്നു.... റിയാസ് മുക്കോളി
രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ...
Posted by Riyas Mukkoli on Saturday, February 27, 2021