തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളുമായി മന്ത്രിതല ചർച്ച ഇന്ന്. മന്ത്രി എ കെ ബാലനാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.രാവിലെ പതിനൊന്നിന് എ കെ ബാലന്റെ ചേംബറിലാണ് ചർച്ച.
സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ആദ്യമായാണ് മന്ത്രി നേരിട്ട് ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തും.
അതേസമയം നിയമനത്തിന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നാണ് എല്‍ ജി എസുകാർ പറയുന്നത്. ഈ ചർച്ചയിൽ തീരുമാനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഉദ്യോഗാർത്ഥികൾ.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും ഇന്നത്തെ മന്ത്രിതല ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു.