കൊച്ചി: 2019-20 സാമ്പത്തിക വർഷത്തെ ജി.എസ്.ടി വാർഷിക റിട്ടേണുകളായ ജി.എസ്.ടി.ആർ9, 9സി എന്നിവ സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്ര ധനമന്ത്രാലയം മാർച്ച് 31ലേക്ക് നീട്ടി. ഇതു രണ്ടാംതവണയാണ് തീയതി നീട്ടുന്നത്. ഡിസംബർ 31ന് സമാപിച്ച കാലാവധി കേന്ദ്രം നേരത്തേ ഫെബ്രുവരി 28വരെ ദീർഘിപ്പിച്ചിരുന്നു. തീയതി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി ഇനി നീട്ടില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടതെങ്കിലും അപ്രതീക്ഷിതമായി കേന്ദ്രം ഇന്നലെ കൂടുതൽ സാവകാശം പ്രഖ്യാപിക്കുകയായിരുന്നു.
സി.ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 44 ആണ് ജി.എസ്.ടിയിൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കണമെന്ന് നിർദേശിക്കുന്നത്. ഇതുപ്രകാരം റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി ഡിസംബർ 31 ആണ്. 2019-20ലെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി ഡിസംബർ 31 ആയിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രം ഫെബ്രുവരി 28ലേക്ക് സമയം നീട്ടിയത്. മാസം, ത്രൈമാസം, വാർഷികം എന്നിങ്ങനെ റിട്ടേണുകളാണ് ജി.എസ്.ടിയിൽ സമർപ്പിക്കേണ്ടത്. ഇതിൽ വാർഷിക റിട്ടേൺ സമർപ്പണത്തിനുള്ള രണ്ടു ഫോമുകളാണ് ജി.എസ്.ടി.ആർ 9, 9സി എന്നിവ. ജി.എസ്.ടി.ആർ 9 എല്ലാ ജി.എസ്.ടി ദായകരും സമർപ്പിക്കണം. എന്നാൽ, അക്കൗണ്ട് ഓഡിറ്റിംഗ് ബാധകമായവരാണ് 9സി സമർപ്പിക്കേണ്ടത്. രണ്ടുകോടി രൂപയിലധികം വിറ്റുവരവുള്ളവരാണ് ഇതിലുൾപ്പെടുന്നത്.