ദോഹ: ഒരു വർഷത്തിന് ശേഷം ടെന്നിസ് കോർട്ടിലക്ക് തിരിച്ചെത്തിയ സാനിയമിർസയ്ക്ക് വിജയത്തുടക്കം. ദോഹയിൽ നടക്കുന്ന ഖത്തർ ഓപ്പണിലൂടെ തിരിച്ചുവരവ് നടത്തിയ സാനിയ വനിതാ ഡബിൾസിൽ സ്ലോവേനിയയുടെ ആൻഡ്രിയ ക്ലെപാക്കിനൊപ്പം ക്വാർട്ടറിൽ കടന്നു. ഉക്രൈന്റെ നാദിയ കിച്ചെനോക്ക്- ല്യുഡ്മൈല കിച്ചെനോക്ക് സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സാനിയ സഖ്യം ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ: 6-4, 6-7,10-5. കഴിഞ്ഞ ഫെബ്രുവരിയിൽ ഖത്തർ ഓപ്പണിൽത്തന്നെയാണ് സാനിയ അവസാനമായി കളിച്ചത്. ഈ ജനുവരിയിൽ സാനിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പെട്ടെന്ന് തന്നെ രോഗമുക്തയായിരുന്നു.