SignIn
Kerala Kaumudi Online
Monday, 19 April 2021 8.21 AM IST

കാണാൻ ബോളിവുഡ് നടനെപോലെ ജോലി ബ്രിട്ടനിലും, വിവാഹസൈറ്റിലെ സുന്ദരൻ തലസ്ഥാനത്തെ യുവതിയിൽ നിന്ന് തട്ടിയത് 9 ലക്ഷം രൂപ

cheating-case-

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് കേസുകൾ പെരുകുന്നു. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ഒരുവർഷത്തിനിടെ തലസ്ഥാന ജില്ലയിൽ മാത്രം രണ്ട് ഡസനിലധികം ഓൺലൈൻ തട്ടിപ്പ് കേസുകളിൽ ആളുകൾക്ക് നഷ്ടപ്പെട്ടത് പത്തുകോടിയിലധികം രൂപ. മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹാലോചന രജിസ്റ്റർ ചെയ്തവരും, ഒ.എൽ.എക്സിലൂടെ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചവരുമുൾപ്പെടെ നിരവധിപേരാണ് തട്ടിപ്പുകൾക്ക് ഇരയായത്.

വിവാഹസൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്ത യുവതികൾക്ക് സംഭവിച്ചത്

വൈവാഹിക സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യുവതികളാണ് ഓൺ ലൈൻ തട്ടിപ്പുകാരുടെ പുതിയ ഇര. ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത യുവതിയുടെ പ്രൊഫൈലിലെ ഫോൺ നമ്പരും ഇമെയിൽ വിലാസവും കരസ്ഥമാക്കി തട്ടിയെടുത്തത് 9 ലക്ഷം രൂപയാണ്. തലസ്ഥാനത്ത് ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.

വിവാഹ ആലോചനയ്ക്കായി യുവതി തന്റെ പ്രൊഫൈൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഇത് കണ്ട് ഇഷ്ടം നടിച്ച യു.കെ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്.ബോളിവുഡ് നടനെപ്പോലെ തോന്നിക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രമായി നൽകി യുവതിയുമായി ഫേസ്ബുക്കും വാട്ട്സ് ആപ്പും വഴി നിരന്തരം ചാറ്റിംഗ് നടത്തിയ ഇയാൾ, യുവതിയെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും അറിയിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിവാഹാലോചനയ്ക്ക് വീട്ടുകാർ വഴി ബന്ധപ്പെടാമെന്ന് യുവതി വെളിപ്പെടുത്തിയെങ്കിലും, തന്റെ കമ്പനിയിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തി നേരിട്ട് കാണാമെന്ന് ഉറപ്പ് നൽകി.

ഡയമണ്ടുകളും ഗിഫ്റ്റുകളും ഓഫർ

കാണാൻ വരുമ്പോൾ ഡയമണ്ടുൾപ്പെടെ ധാരാളം ഗിഫ്റ്റുകൾ കൊണ്ടുവരുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. യുവതിയെ കാണാൻ ഡൽഹിയ്ക്ക് തിരിച്ചതായി ഇയാൾ പറഞ്ഞതിന് അടുത്തദിവസം യുവതിയുടെ ഫോണിലേക്ക് ഡൽഹി എയർപോർട്ടിൽ നിന്നെന്ന വ്യാജേന ഒരു ഫോൺകോളെത്തി. യു.കെയിൽ നിന്നെത്തിയ സുഹൃത്തിനെ വിലയേറിയ ഡയമണ്ടുകളും ഗിഫ്റ്റുകളും സഹിതം ഡൽഹി എയർപോർട്ടിൽ പിടിച്ചുവച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശം. ഇയാളെ മോചിപ്പിക്കാൻ 6 ലക്ഷത്തോളം രൂപ ഉടൻ നൽകണമെന്നും അറിയിച്ചു. പലരിൽ നിന്നായി ആറുലക്ഷത്തോളം രൂപ കടം വാങ്ങി ഡൽഹിയിൽനിന്ന് ലഭിച്ച അക്കൗണ്ട് നമ്പരിൽ യുവതി അയച്ചുകൊടുത്തു. അയച്ചുകൊടുത്തപണം ഗിഫ്റ്റുകളുടെ നികുതി ഇനത്തിൽ അടച്ചതായും തനിക്ക് ജാമ്യത്തിനും മറ്റുമായി മൂന്നു ലക്ഷംരൂപകൂടി വേണമെന്ന് യു.കെ പൗരൻ യുവതിയെ അറിയിതോടെ ആ തുകയും കൈമാറി. പണം കൈമാറിയശേഷം യു.കെ പൗരന്റെ ഫോണോ മറ്റ് വിവരങ്ങളോ ലഭിക്കാതെ പോയപ്പോഴാണ് സംഗതി തട്ടിപ്പാണെന്ന് യുവതിക്ക് ബോദ്ധ്യപ്പെട്ടത്.

വിഭാര്യന്റെ വികൃതി

ബ്രിട്ടനിൽ ഭാര്യ മരണമടഞ്ഞതിനെ തുടർന്ന് ഇന്ത്യൻവംശജയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചെത്തിയ ആളാണ് മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം നൽകി കാത്തിരുന്ന മറ്റൊരുയുവതിയെ തട്ടിപ്പിനിരയാക്കിയത്. ബ്രിട്ടനിൽ കോടികളുടെ സ്വത്തുക്കൾക്ക് ഉടമയാണെന്ന പേരിൽ യുവതിയെ വലയിലാക്കിയ ഇയാളും യുവതിക്ക് കൊണ്ടുവന്ന ഗിഫ്റ്റുകൾ എയർപോർട്ടിൽ പിടിച്ചുവച്ചെന്ന കള്ളം പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്.

കസേര വിൽക്കാൻ ശ്രമിച്ചയുവതിക്ക് നഷ്ടപ്പെട്ടത് ഒന്നേമുക്കാൽ ലക്ഷം

നാലായിരം രൂപ വിലവരുന്ന കസേര ഒ.എൽ.എക്സ് വഴി വിറ്റഴിക്കാൻ ശ്രമിച്ച സ്ത്രീയ്ക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കസേര വിൽക്കാനായി അതിന്റെ ഫോട്ടോയുൾപ്പെടെ പരസ്യം നൽകിയ യുവതിയുമായി വിലപേശിയ തട്ടിപ്പുകാർ വിലയായ പണം കൈമാറുന്നതിന് ഒരു ലിങ്കിൽ പേരും വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അയച്ചുനൽകാൻ ആവശ്യപ്പെട്ടു. സംശയം തോന്നാതിരുന്ന വീട്ടമ്മ വ്യക്തിഗത വിവരങ്ങളും ഫോൺനമ്പരും അക്കൗണ്ട് വിവരങ്ങളും കൈമാറി. അൽപ്പസമയത്തിനകം വീട്ടമ്മയുടെ ഫോണിലേക്ക് ഒരു ഒ.ടി.പി നമ്പരെത്തി. പണം കൈമാറാനാണെന്ന വ്യാജേന ഒ.ടി.പി നമ്പർ മനസിലാക്കിയ സംഘം വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ കവരുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി ഫോണിൽ എസ്.എം.എസെത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി അവർക്ക് ബോദ്ധ്യപ്പെട്ടത്.

സൈനികരുടെ വാഹനങ്ങളുടെ പേരിലും തട്ടിപ്പ്

സൈനികരുടെ വാഹനങ്ങൾ വിൽക്കാനുണ്ടെന് പേരിൽ കാലങ്ങളായി ഓൺലൈനിൽ തുടരുന്ന തട്ടിപ്പാണ് മറ്റൊന്ന്. ഫ്ളിപ്പ് കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനങ്ങളുടെ പേരിലും വൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. മൾട്ടിനാഷണൽ മാർക്കറ്റിംഗ് സ്ഥാപനങ്ങളുടെ പേരുകളുടെ ഒരു അക്ഷരം ആരും ശ്രദ്ധിക്കാത്ത വിധം തെറ്റായി നൽകിയശേഷം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും ഉപകരണങ്ങളും വൻവിലക്കുറവിൽ വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ്.

പിന്നിൽ നൈജീരിയൻ, ആഫ്രിക്കൻ വംശജർ

ഡൽഹി, മുംബയ് തുടങ്ങിയ നഗരങ്ങളിൽ തമ്പടിക്കുന്ന നൈജീരിയൻ, ആഫ്രിക്കൻ വംശജരാണ് തട്ടിപ്പുകൾക്ക് പിന്നിൽ. പഠനത്തിനും മറ്റുമെന്ന പേരിൽ ഇവിടെ കഴിയുന്ന ഇവർ ഉത്തരേന്ത്യയിലെ പാവപ്പെട്ട ഗ്രാമീണരെ ഏജന്റുമാരുടെ സഹായത്തോടെ തേടിപ്പിടിച്ച് അവർക്ക് അഞ്ഞൂറോ ആയിരമോ രൂപ നൽകി അവരുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി, ഇത് ഉപയോഗിച്ച് തരപ്പെടുത്തുന്ന സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. വ്യാജ വിലാസത്തിലുള്ള ഫോണുകൾ ആയതിനാൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതാണ് തട്ടിപ്പുകൾക്ക് തുണയാകുന്നത്.

കൊവിഡിനെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ തട്ടിപ്പുകാരെ തേടി കേരളം വിട്ട് അന്വേഷണത്തിന് പോകാൻ പൊലീസിന് സാധിക്കാത്തതും ഇവർക്ക് അനുഗ്രഹമാകുന്നുണ്ട്. ഫോൺവഴിയോ സമൂഹമാദ്ധ്യമങ്ങൾ വഴിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും അപരിചിതർക്ക് കൈമാറാതിരിക്കുക മാത്രമാണ് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനുള്ള ഏക പോംവഴി.

തിരിച്ചറിയൽ രേഖ പരിശോധിക്കണമെന്ന് കത്ത്

ഓൺ ലൈൻ തട്ടിപ്പുകൾ പെരുകിയതോടെ ഇന്ത്യയിലെ എല്ലാ ബാങ്കുകൾക്കും മൊബൈൽ കമ്പനികൾക്കും ഇടപാടുകാരുടെയും വരിക്കാരുടെയും തിരിച്ചറിയൽ രേഖകൾ യഥാർത്ഥമാണോയെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് കത്ത് നൽകി. എന്നാൽ, ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളുടെയും മൊബൈൽ വരിക്കാരെ കൂട്ടാനുള്ള മൊബൈൽ കമ്പനികളുടെയും നയം തിരിച്ചറിയൽ രേഖകളുടെ യാഥാർത്ഥ്യവും മറ്റ് കാര്യങ്ങളും അന്വേഷിക്കാൻ ഇവരെ പ്രേരിപ്പിക്കാറില്ലെന്നതാണ് വാസ്തവം. ഇതാണ് ഇത്തരം തട്ടിപ്പുകൾ പെരുകാനുള്ള പ്രധാന കാരണം.തട്സ്സങ്ങൾ ഏറെയുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് സൈബർ പൊലീസ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CHEATING, CHEATING CASE, POLICE INVESTIGATION, CYBER CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.