തിരുവനന്തപുരം: ശ്രീ എം മദ്ധ്യസ്ഥനായ ആർഎസ്എസ്-സിപിഎം സമാധാന ചർച്ചകളെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ചകൾ ഒരു പുതിയ കാര്യമല്ലെന്നും അത് എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എമ്മിനെ ഒരു സെക്കുലർ ആയിട്ടുള്ള സന്യാസിയായിട്ടാണ് താൻ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിഭാഗീയത പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസുമായി നടന്നുവന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ 1980ൽ തന്നെ സമാധാന ചർച്ചകൾ നടന്നിട്ടുണ്ടെന്നും രാഷ്ട്രീയ സംഘട്ടനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും തരത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാൻ സാധിക്കുമോ എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
തന്റെ പ്രസ്താവനയിൽ ദിനേശ് നാരായൺ എഴുതിയ പുസ്തകത്തെയും മുഖ്യമന്ത്രി പരാമർശിച്ചു. ചർച്ചകൾ രാഷ്ട്രീയ ബാന്ധവത്തിന് വേണ്ടിയുള്ളതാണെന്ന് 'ദി ആർഎസ്എസ്; ആൻഡ് ദ മേക്കിംഗ് ഒഫ് ദ ഡീപ്പ് നേഷൻ' എന്ന പുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസും ആർഎസ്എസും 1980കളിൽ നടത്തിയ രഹസ്യ ചർച്ചയെ കുറിച്ചും ഇതേ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയ്ക്ക് വിത്തുപാകിയ ഒരു നടപടിക്ക് മുന്നോടിയായി നടന്ന രഹസ്യ ചർച്ചയാണത്. പുസ്തകത്തിന്റെ നൂറ്റിയേഴാം പേജിലാണ് ഇക്കാര്യം പറയുന്നത്.
നാഗ്പൂരിൽ നിന്നുമുള്ള കോൺഗ്രസ് പാർലമെന്റ് അംഗമായിരുന്ന ബൻവാരിലാൽ പുരോഹിത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് വേണ്ടി ആർഎസ്എസ് മേധാവിയായിരുന്ന ബാലാസാഹേബ് ഡിയോരസുമായി നടത്തിയ ചർച്ചയെ പറ്റിയാണ് അതിൽ പറയുന്നത്. അതിൽ, രാജീവ് ഗാന്ധിയുടെ ദൂതനായി പങ്കെടുത്തത് ഭാനുപ്രകാശ് സിംഗ് എന്ന കേന്ദ്രമന്ത്രിയും പിന്നീട് ഗോവാ ഗവർണറുമായ നേതാവാണ്. അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്താൻ രാജീവ് ഗാന്ധി തയ്യാറാണെന്ന് സിംഗ് ഡിയോരസിനെ അറിയിച്ചു.
ഇതാണാ പുസ്തകത്തിൽ പറയുന്നത്. ഇത് ഉറപ്പിക്കാൻ ആർഎസ്എസ് നേതാവ് രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഭൂട്ടാ സിംഗിനെ ഡൽഹിയിൽ വച്ച് കണ്ടതായും പറയുന്നുണ്ട്. ശിലാന്യാസത്തിന് അനുവാദം നൽകുന്നതിന് പകരമായി കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണ നൽകണമെന്ന ആവശ്യത്തെ കുറിച്ചും ഇതേ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്തായാലും അതേ വർഷം തന്നെ അയോദ്ധ്യയിൽ ശിലാന്യാസം നടന്നു. പിന്നീട് നടന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമായുള്ള കാര്യമാണ്.
അതൊന്നും താനിവിടെ പറയേണ്ട കാര്യമില്ല. ആ പുസ്തകമൊന്ന് പൂർണമായും വായിച്ചാൽ ആർഎസ്എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം തുടങ്ങിയതും തുടരുന്നതും കോൺഗ്രസാണെന്ന് വ്യക്തമായി കാണാൻ കഴിയും. ഇവിടെ നിങ്ങൾ ചൂണ്ടിക്കാണിച്ച ചർച്ചകൾ മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടി നടത്തിയിട്ടുള്ളതാണ്. ആരുംകൊല്ലപ്പെടരുത് എന്ന് കരുതുന്നത് കൊണ്ടാണ് ചർച്ച നടന്നത്. അത്തരത്തിലുള്ള സമാധാന ചർച്ചകളിൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. അക്രമം ഇല്ലാതാക്കാനും സമാധാനം ഉറപ്പുവരുത്താനും ആരുമായും ചർച്ച നടത്തുന്നതിന് എപ്പോഴും തങ്ങൾ തയ്യാറായിട്ടുണ്ട്. ചർച്ച രഹസ്യമാക്കി വച്ചിട്ടില്ല. തലയിൽ മുണ്ടിട്ട് ചർച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.