ബേൺലി: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഗ്രാനിറ്റ് ഷാക്കയുടെ ബ്ലണ്ടറിൽ ബേൺലിക്കെതിരെ ആഴ്സനലിന് 1-1ന്റെ സമനിലക്കുരുക്ക്. ഔബമെയാഗിന്റെ മനോഹര ഗോളിൽ 5-ാം മിനിട്ടിൽത്തന്നെ അഴ്സനൽ മുന്നിലെത്തി. എന്നാൽ 39-ാം മിനിട്ടിൽ ആഴ്സനൽ ഗോളി ലെനോ ബോക്സിൽ വച്ച് തട്ടിക്കൊടുത്ത പന്ത് അപകടമൊഴിവാക്കാനായി ഷാക്ക തട്ടിയകറ്റിയത് ബേൺലി താരം വുഡിന്റെ വയറിൽത്തട്ടി ഗണ്ണേഴ്സിന്റെ വലയിൽക്കയറി. തുടർന്ന് ഗോളിനായി ആഴ്സനൽ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.27 മത്സരങ്ങളിൽ നിന്ന് 38 പോയിന്റ് മാത്രമുള്ള ആഴ്സനൽ 10-ാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സതാംപ്ടൺ ഷെഫീൽഡിനെ കീഴടക്കി. പ്രൊവുസും ചേ ആഡംസുമാണ് സതാംപ്ടണായി ലക്ഷ്യം കണ്ടത്.